മലപ്പുറം: തെരഞ്ഞെടുപ്പിന് പിന്നാലെ മലപ്പുറം ഒതുക്കുങ്ങലില്‍ യുഡിഎഫില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ് മത്സരിച്ച വാർഡുകളിലെ സ്ഥാനാർത്ഥികളെ മുസ്‍ലിംലീഗ്പരാജയപ്പെടുത്തിയതായി കോണ്‍ഗ്രസ് ആരോപിച്ചു.
23 വാർഡുകളുള്ള ഒതുക്കുങ്ങലില്‍ 17 സീറ്റില്‍ മുസ്‍ലിം ലീഗും 6 സീറ്റില്‍ കോണ്‍ഗ്രസുമായിരുന്ന മത്സരിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് മത്സരിച്ച 6 സീറ്റുകളിലും മുസ്‍ലിം ലീഗ് പരാജയപ്പെടുത്തുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു.
എല്‍ഡിഎഫിന് സ്വാധീനമുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞു. എന്നാല്‍ ലീഗിന് സ്വാധീനമുള്ള സ്ഥലങ്ങളിലാണ് വോട്ട് കുറഞ്ഞത്. കൃത്യമായ ഇടപെടല്‍ ഉണ്ടായെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. വൈസ് പ്രസിഡന്റ് സ്ഥാനം ഉള്‍പ്പെടെ കോണ്‍ഗ്രസ് നല്‍കാതിരിക്കാൻ വേണ്ടിയാണ് ഇത്തരത്തില്‍ ലീഗ് പ്രവർത്തിച്ചതെന്നാണ് ആരോപണം.
സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ചെയർമാൻ സ്ഥാനം രാജിവച്ചു. ഇനി യുഡിഎഫ് ആയി മുന്നോട്ടു പോകാൻ കഴിയില്ലന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇനി ലീഗുമായിട്ട് മുന്നോട്ടു പോകാൻ താല്പര്യമില്ലെന്നും ഇവർ വഞ്ചിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
പൊന്മള ഉള്‍പ്പെടെയുള്ള മറ്റു പഞ്ചായത്തുകളിലും സമാനമായ സംഭവങ്ങള്‍ ഉള്ളതായും മുസ്‍ലിം ലീഗിലെ ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.









