കൊല്ലം: കായംകുളം നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയ്ക്കെതിരെ അധിക്ഷേപ പരാമർശം യുഡിഎഫിന്റെ സമീപനത്തെ തുറന്നുകാട്ടുന്നതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിമർശിച്ചു. സ്ത്രീകളെ ലക്ഷ്യമാക്കി നടത്തുന്ന ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹികവും രാഷ്ട്രീയവുമായ രംഗങ്ങളിലേക്ക് കടന്നുവരുന്ന യുവ വനിതാ നേതാക്കളെ അപമാനിക്കുന്ന പ്രവണതയാണ് യുഡിഎഫ് തുടരുന്നതെന്ന് ഗോവിന്ദൻ ആരോപിച്ചു. സ്ത്രീകളെതിരായ ഇത്തരം പരാമർശങ്ങളെ കേരളീയ സമൂഹം ശക്തമായി അപലപിച്ചിട്ടുണ്ടെന്നും, സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിഭ വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.
അതേസമയം, വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടിട്ടുണ്ട്. ആലപ്പുഴ കളക്ടറോട് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഉച്ചയ്ക്കകം നടപടികൾ കൈക്കൊള്ളണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചു.
യുഡിഎഫ് മണ്ഡലം കൺവീനറും മുസ്ലിം ലീഗ് നേതാവുമായ ഇർഷാദ് നടത്തിയ പരാമർശമാണ് വിവാദമായത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയ്‌ക്കെതിരെ പ്രതിഭയും ജനാധിപത്യ മഹിളാ അസോസിയേഷനും തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിരുന്നു.
സംഭവം വാർത്തയായതോടെ ശക്തമായ പ്രതിഷേധം ഉയർന്നു. തുടർന്ന് ഇർഷാദ് ഖേദം പ്രകടിപ്പിച്ചെങ്കിലും അത് മതിയാകില്ലെന്ന് പ്രതിഭ വ്യക്തമാക്കി. പ്രതിഷേധത്തെ തുടർന്നാണ് ഇർഷാദിനെ മണ്ഡലം കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയത്.






