കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്ന് ശൃംഖല തകർത്തതായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ ക്രിമിനൽ സുരക്ഷാ വിഭാഗം അറിയിച്ചു. മയക്കുമരുന്ന് കടത്തലിനെതിരായ തുടർച്ചയായ നിരീക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് പ്രത്യേക ഓപ്പറേഷൻ നടത്തിയത്. ഇറാനിൽ നിന്ന് കടത്താൻ ശ്രമിച്ച 100 കിലോഗ്രാമിലധികം ഹാഷിഷും കഞ്ചാവും പിടിച്ചെടുത്തു.
ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തിപ്പെടുത്തിയതിനെ തുടർന്ന്, ഒരു കുവൈത്ത് പൗരൻ സ്വകാര്യ ബോട്ട് ഉപയോഗിച്ച് ഇറാനിൽ നിന്ന് ലഹരിവസ്തുക്കൾ കടത്താനുള്ള ശ്രമത്തിലാണ് ഏർപ്പെട്ടിരുന്നതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
പ്രത്യേക സംഘത്തിന്റെ കർശന നിരീക്ഷണത്തിൽ പ്രതിയുടെ യാത്ര പിന്തുടര്‍ന്ന് ഷുവൈഖ് തുറമുഖത്ത് എത്തിയതോടെ ബോട്ട് പരിശോധിച്ചു. വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിൽ വൻ അളവിലുള്ള ലഹരിപദാർത്ഥങ്ങളാണ് കണ്ടെത്തിയത്. ബോട്ടിലെ സംശയാസ്പദ ഭാഗങ്ങൾ സുരക്ഷിതമായി തുറന്ന് പരിശോധിക്കുന്നതിനായി തീ നിയന്ത്രണ വിഭാഗത്തിന്റെ സഹായവും ആവശ്യമായി വന്നതായി അധികൃതർ അറിയിച്ചു.






