പഞ്ചാബ് : പഞ്ചാബിലെ ആദംപൂർ വ്യോമതാവളം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-പാക് സംഘർഷങ്ങൾക്കിടയിൽ പാകിസ്ഥാൻ ആക്രമണങ്ങളിൽ പരിമിതമായ നാശനഷ്ടങ്ങൾ നേരിട്ട ഇന്ത്യൻ വ്യോമസേനയുടെ നാല് പ്രധാന സ്റ്റേഷനുകളിൽ ഒന്നാണ് ആദംപൂർ വ്യോമതാവളം . ഇവിടെക്കാണ് മോദി സന്ദർശനം നടത്തിയത്. കൂടിക്കാഴ്ചയിൽ വ്യോമസേനാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ താവളത്തിലെ സുരക്ഷാ സ്ഥിതിഗതികളെക്കുറിച്ച് വിശദീകരിക്കുകയും മോദി ജവാന്മാരുമായി സംവദിക്കുകയും ചെയ്തു. സന്ദർശനത്തിന്റെ കാര്യം നരേന്ദ്ര മോദി തന്നെയാണ് “വളരെ പ്രത്യേക അനുഭവം” എന്ന് കുറിച്ചുകൊണ്ട് എക്‌സിൽ പങ്കുവെച്ചത്.
“ഇന്ന് രാവിലെ ഞാൻ എ.എഫ്.എസ്. ആദംപൂരിൽ പോയി നമ്മുടെ ധീരരായ വ്യോമ യോദ്ധാക്കളെയും സൈനികരെയും കണ്ടു. ധൈര്യം, ദൃഢനിശ്ചയം, നിർഭയത്വം എന്നിവയുടെ പ്രതീകമായവരോടൊപ്പമായിരിക്കാൻ കഴിഞ്ഞത് വളരെ സവിശേഷമായ ഒരു അനുഭവമായിരുന്നു. നമ്മുടെ രാജ്യത്തിനായി നമ്മുടെ സായുധ സേന ചെയ്യുന്ന എല്ലാത്തിനും ഇന്ത്യ എന്നും നന്ദിയുള്ളവരാണ്,” പ്രധാനമന്ത്രി എസിക്സിൽ കുറിച്ചു.






