കോട്ടയം: മഹാരാഷ്ട്രയിൽ വെച്ച് നടന്ന ദേശീയ ഡ്രാഗൺ ബോട്ട് റേസ് ചാമ്പ്യൻഷിപ്പിൽ കേരള ടീമിനായി മത്സരിച്ച കുമരകം സ്വദേശികളായ ഇരട്ട സഹോദരങ്ങൾ മെഡലുകൾ വാരിക്കൂട്ടി മികച്ച നേട്ടം കൊയ്തു. കോട്ടയം ജില്ലയിൽ നിന്ന് പങ്കെടുത്ത ഏക താരങ്ങളാണ് കവണാറ്റിൻകര കണ്ടവളവിൽ കെ.എം. ബിനോയിയുടെയും ഹരിതാ ബിനോയിയുടെയും മക്കളായ ഗോപു കൃഷ്ണയും ഗോകുൽ കൃഷ്ണയും.
കുമരകം എസ്.കെ.എം. സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളാണ് ഈ സഹോദരങ്ങൾ. ഗോപു കൃഷ്ണ 7 സ്വർണ്ണം, 11 വെള്ളി, 4 വെങ്കലം എന്നിങ്ങനെ ആകെ 22 മെഡലുകൾ നേടിയപ്പോൾ, ഗോകുൽ കൃഷ്ണ 4 സ്വർണ്ണം, 8 വെള്ളി, 4 വെങ്കലം ഉൾപ്പെടെ 16 മെഡലുകൾ സ്വന്തമാക്കി. ഇരുവരും ചേർന്ന് ദേശീയ തലത്തിൽ സംസ്ഥാനത്തിന് വലിയ നേട്ടമാണ് സമ്മാനിച്ചത്.






