ന്യൂഡൽഹി: രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കുമെതിരെ ഉയരുന്ന ഭീഷണികളെ പ്രതിരോധിക്കാനുള്ള മാർഗരേഖയായി ദേശീയ സുരക്ഷാ തത്വം ഉടൻ അന്തിമരൂപം ലഭിക്കും. ഡിസംബറോടെ കരട് പൂർത്തിയാക്കി പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാ സമിതിക്ക് മുന്നിൽ സമർപ്പിക്കാനാണ് നീക്കം.
മോദി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ 2018-ലാണ് സമഗ്ര ദേശീയ സുരക്ഷാ-പ്രതിരോധ നയം കൊണ്ടുവരാനുള്ള ചര്‍ച്ചകൾ ആരംഭിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മേൽനോട്ടത്തിലാണ് ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ് കരട് തയ്യാറാക്കുന്നത്.
പ്രതിരോധ നവീകരണം, സാങ്കേതിക മുന്നേറ്റം, സൈബർ സുരക്ഷ, ആഭ്യന്തര സുരക്ഷ, ഊർജ്ജ സുരക്ഷ, ഹൈബ്രിഡ് ഭീഷണികളെ നേരിടൽ, സാമ്പത്തിക സ്ഥിരത, തന്ത്രപരമായ നയതന്ത്രം എന്നിവയാണ് എൻഎസ്എസിന്റെ മുഖ്യ മേഖലകൾ. ഭീഷണികളെ മുൻകൂട്ടി തിരിച്ചറിയാനും സമയോചിതമായി പ്രതികരിക്കാനുമുള്ള സംവിധാനങ്ങൾ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.
ദേശീയ സുരക്ഷാ തത്വം നിലവിൽ വന്നാൽ ആഭ്യന്തരവും അതിർത്തി സുരക്ഷയും സംബന്ധിച്ച എഴുത്തുപരമായ മാർഗനിർദ്ദേശം രാജ്യത്തിന് ലഭിക്കും. കരട് രേഖയുടെ അവസാന മിനുക്കുപണിയിലാണ് ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ്.




