കോട്ടയം : അയർക്കുന്നം റോഡിൽ കിടങ്ങൂർ പാലത്തിനടിയിൽ കഴിയുന്നവർക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് ആർപ്പൂക്കര നവജീവൻ ട്രസ്റ്റ് അംഗങ്ങൾ. പാലത്തിനടിയിൽ ഏഴു കുടുംബങ്ങളാണ് കഴിയുന്നത്. ഏഴു കുടുംബങ്ങളിലായി ഇരുപത്തിമൂന്ന് പേരുണ്ട്. പ്ലാസ്റ്റിക് ടാർപോളിനു കൊണ്ട് മറച്ച ഷെഡിലാണ് ഇവരുടെ താമസം.
ഈ കഴിഞ്ഞ ദിവസം ഇവരുടെ സ്ഥിതിയറിഞ്ഞ് നവജീവൻ മാനേജിങ് ട്രസ്റ്റി പി.യു.തോമസ് എത്തിയിരുന്നു. മീൻപിടിച്ചാണ് പലരുടെയും ഉപജീവനം. മറ്റ് ചിലർ മരംവെട്ടുന്ന ജോലികൾക്കും പോകും. കല്യാണ ചടങ്ങ് നടക്കുന്ന ഓഡിറ്റോറിയത്തിന്റെ പരിസരത്തെക്കെ ചെന്നാൽ എല്ലാവരും കഴിച്ച ശേഷം ബാക്കി ഭക്ഷണം ലഭിക്കും. ഇങ്ങനെയാണ് ഇവരുടെ ജീവിതം മുന്നോട്ടു പോകുന്നത്.
ഇത്തവണ ഇവർക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ പി.യു.തോമസും നവജീവനിലെ അംഗങ്ങളും ചേർന്നു തീരുമാനിച്ചു. ഷെഡുകളിലിരിക്കുന്ന സ്ഥലത്തെല്ലാം നക്ഷത്രങ്ങളും എൽഇഡി ലൈറ്റുകളും കൊണ്ട് അലങ്കരിച്ചു.
കൂടാതെ ഇവിടെ താമസിക്കുന്നവർക്കായി കാരൾ ഗാനങ്ങളും ആലപിച്ചു. ആവശ്യത്തിനു പുത്തൻ വസ്ത്രങ്ങളും എല്ലാവർക്കുമായി വിതരണം ചെയ്തു.






