കൊച്ചി: എൻ സി സി ക്യാംപിനിടെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ. എൻസിസി 21 കേരള ബറ്റാലിയൻ ക്യാംപിലെ ഭക്ഷ്യവിഷബാധയെ തുടർന്ന് അൻപതിലധികം കേഡറ്റുകളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തൃക്കാക്കര കെഎംഎം കോളജിലെ ക്യാംപിലാണ് സംഭവം.
തിങ്കളാഴ്ച ഉച്ചഭക്ഷണത്തിനുശേഷമാണ് കൂടുതൽ പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്ന് വിദ്യാർഥികൾ വ്യക്തമാക്കി. വൈകിട്ടോടെ ഒട്ടേറെ പേർ തളർന്നു വീണതിനെതുടർന്ന് പൊലീസ് വാഹനങ്ങളിലും ആംബുലൻസുകളിലുമായി വിദ്യാർഥികളെ ആശുപത്രികളിലേക്ക് കൊണ്ടുപോയി.
കൂടുതൽ പേർക്കും കഠിനമായ വയറുവേദനയാണ്. ചിലർക്കു ഛർദ്ദിയും വയറിളക്കവും അനുഭവപെട്ടു. രാത്രിയോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ 48 പേരെ പ്രവേശിപ്പിച്ചു. സൺറൈസ് ആശുപത്രിയിൽ 7 പേരും ബിആൻഡ്ബി ആശുപതിയിൽ 2 പേരുമുണ്ട്. ഈ മാസം 20നാണ് ക്യാംപ് ആരംഭിച്ചത്. ഏതാനും പേർക്ക് ഞായറാഴ്ചയും അസ്വസ്ഥതയുണ്ടായതായി കേഡറ്റുകൾ പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് ഊണിന് മീൻകറിയും മോരുമുണ്ടായിരുന്നു. ഇതു കഴിച്ചതിനുശേഷമാണ് അസുഖം ഉണ്ടായതെന്ന് പറയപ്പെടുന്നു. ക്യാംപിലാകെ 518 പേരാണ് ഉള്ളത്.







