ന്യൂഡൽഹി: നീറ്റ് യു ജി മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചോദ്യപേപ്പർ ചോർച്ച സംഘടിത അഴിമതിയാണെന്നും സർക്കാരിന്റെ വീഴ്ച വിദ്യാർത്ഥികളോടുള്ള അപരാധമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി “അമൃതകാലം” വിദ്യാർത്ഥികൾക്ക് “വിഷകാലമായി” മാറിയെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
ഇക്കഴിഞ്ഞ മെയ് 3 നാണ് നീറ്റ് യു ജി പരീക്ഷ നടന്നത്. പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി വ്യക്തമായതിനെ തുടർന്നാണ് പരീക്ഷ റദ്ദാക്കാൻ അധികൃതർ തീരുമാനിച്ചത്. മെഡിക്കൽ പ്രവേശനത്തിനായി വീണ്ടും പരീക്ഷ നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി പുതിയ വിജ്ഞാപനം പുറത്തിറക്കും. പുതുക്കിയ ഹാൾടിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് ഉടൻ വിതരണം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.






