ന്യൂഡൽഹി:നാൽപ്പത് വർഷം പഴക്കമുള്ള ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് റിസർവേഷൻ സംവിധാനം വൻ പരിഷ്കാരങ്ങളിലേക്ക് കടക്കുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന പുതിയ സംവിധാനം വരാനിരിക്കുന്ന ഓഗസ്റ്റ് മാസത്തോടെ പൂർണ്ണമായും പ്രവർത്തനസജ്ജമാകുമെന്ന് റെയിൽവേ അറിയിച്ചു. റെയിൽ ഭവനിൽ നടന്ന ഉന്നതതല യോഗത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പുതിയ സംവിധാനത്തിന്റെ പുരോഗതി വിലയിരുത്തി. ഡിജിറ്റൽ യുഗത്തിലെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസൃതമായി കൂടുതൽ ശേഷിയുള്ളതും കാര്യക്ഷമവുമായ യാത്രാ അനുഭവമാണ് ഇതിലൂടെ യാത്രക്കാർക്ക് ലഭ്യമാകുക.
1986-ൽ ആരംഭിച്ച നിലവിലെ റിസർവേഷൻ സംവിധാനത്തിൽ കാലാകാലങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും, ഇത്രയും വിപുലമായ ഒരു മാറ്റം ഇതാദ്യമായാണ് നടപ്പിലാക്കുന്നത്. 2002-ൽ ഓൺലൈൻ ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയതോടെ റെയിൽവേയിൽ വലിയ വിപ്ലവമാണ് ഉണ്ടായത്. നിലവിൽ 88 ശതമാനം യാത്രക്കാരും ഓൺലൈൻ സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. പുതിയ സാങ്കേതിക വിദ്യയുടെ വരവോടെ, വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ കൺഫേം ആകാനുള്ള സാധ്യത കൂടുതൽ കൃത്യതയോടെ മനസ്സിലാക്കാൻ സാധിക്കുമെന്നതാണ് പ്രധാന പ്രത്യേകത. മുൻപ് ഇത്തരം പ്രവചനങ്ങളുടെ കൃത്യത 53 ശതമാനമായിരുന്നെങ്കിൽ, എഐ സംവിധാനത്തിന്റെ സഹായത്തോടെ ഇത് 94 ശതമാനമായി ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ വർഷം പുറത്തിറക്കിയ ‘റെയിൽ വൺ’ (Rail One) ആപ്പിന്റെ വലിയ സ്വീകാര്യതയും റെയിൽവേയുടെ ഈ മാറ്റത്തിന് ആക്കം കൂട്ടി. ഇതിനകം 3.5 കോടിയിലധികം പേർ ഡൗൺലോഡ് ചെയ്ത ഈ ആപ്പ് വഴി പ്രതിദിനം ശരാശരി 9.29 ലക്ഷം ടിക്കറ്റുകളാണ് ബുക്ക് ചെയ്യപ്പെടുന്നത്. ടിക്കറ്റ് ബുക്കിംഗിന് പുറമെ ട്രെയിനുകളുടെ തത്സമയ വിവരങ്ങൾ (Live Train Status), പ്ലാറ്റ്‌ഫോം വിവരങ്ങൾ, ഭക്ഷണത്തിനുള്ള ഓർഡർ നൽകൽ തുടങ്ങിയ സൗകര്യങ്ങളും പുതിയ സംവിധാനത്തിന്റെ ഭാഗമായി കൂടുതൽ കാര്യക്ഷമമായി ലഭ്യമാകും. റെയിൽവേ സ്റ്റേഷൻ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും യാത്രക്കാർക്ക് വേഗത്തിൽ ടിക്കറ്റ് ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള ഈ നവീകരണം ഇന്ത്യൻ റെയിൽവേയുടെ ഡിജിറ്റൽ മുഖച്ഛായ തന്നെ മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.






