ധരംശാല: ഐപിഎല്ലിൽ പ്ലേഓഫ് പോരാട്ടം കടുപ്പമാകുന്നതിനിടെ പഞ്ചാബ് കിങ്സിനെതിരായ ഡൽഹി ക്യാപിറ്റൽസിന്റെ ജയം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. 211 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പ്രതിരോധിക്കാൻ സാധിക്കാതിരുന്നതോടെ പഞ്ചാബ് നായകൻ ശ്രേയസ് അയ്യറിന്റെ തന്ത്രങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പ്രത്യേകിച്ച് പ്രധാന സ്പിന്നറായ യുസ്വേന്ദ്ര ചഹലിന് ഒരു ഓവർ പോലും നൽകാതിരുന്നതാണ് ആരാധകരെയും മുൻ താരങ്ങളെയും അത്ഭുതപ്പെടുത്തിയത്.
211 റൺസ് പിന്തുടർന്ന ഡൽഹി ഒരു ഓവർ ബാക്കി നിൽക്കെ 7 വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി. 74 ന് 4 എന്ന നിലയിൽ തകർന്നിരുന്ന ഡൽഹിയെ അക്സർ പട്ടേൽ (56), ഡേവിഡ് മില്ലർ (51) എന്നിവർ ചേർന്ന കൂട്ടുകെട്ടാണ് തിരിച്ചുകൊണ്ടുവന്നത്. പിന്നാലെ അശുതോഷ് ശർമ, മാധവ് തിവാരി, അക്വിബ് നബി എന്നിവർ ചേർന്ന് വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
തുടക്കത്തിൽ പഞ്ചാബ് ബൗളർമാർ ഡൽഹിയെ സമ്മർദ്ദത്തിലാക്കിയെങ്കിലും പിന്നീട് പേസർമാർ നിയന്ത്രണം നഷ്ടപ്പെടുത്തി. ഇതിനിടയിലും ഐപിഎല്ലിലെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായ യുസ്വേന്ദ്ര ചഹലിനെ ഉപയോഗിക്കാതിരുന്നതാണ് വിമർശനങ്ങൾക്ക് കാരണമായത്. നിർണായക ഘട്ടങ്ങളിൽ വിക്കറ്റ് നേടാൻ കഴിവുള്ള ചഹലിനെ വെറുമൊരു കാഴ്ചക്കാരനാക്കി തുടർച്ചയായി പേസർമാരെ തന്നെ ആശ്രയിച്ചതാണ് പഞ്ചാബിന് തിരിച്ചടിയായത്.
അർഷ്ദീപ് സിംഗ് മാത്രമാണ് നാല് ഓവറിൽ 21 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി തിളങ്ങിയത്. എന്നാൽ യഷ് താക്കൂർ നാല് ഓവറിൽ 55 റൺസും ബെൻ ഡ്വാർഷ്യസ് 51 റൺസും മാർക്കോ യാൻസൻ 45 റൺസും വഴങ്ങി. പാർട്ട് ടൈം ബൗളറായ മാർക്കസ് സ്റ്റോയിനസിന് പോലും ഓവർ നൽകിയിട്ടും ചഹലിനെ പരീക്ഷിക്കാതിരുന്നതാണ് കൂടുതൽ ചോദ്യങ്ങൾ ഉയരാൻ കാരണമായത്.
മുൻ ഇന്ത്യൻ താരം ദൊഡ്ഡ ഗണേഷ് ഈ നീക്കത്തെ “കടുത്ത വിഡ്ഢിത്തരം” എന്ന് വിശേഷിപ്പിച്ചു. മുഹമ്മദ് കൈഫ്, മിച്ചൽ മക്ലെനഗൻ തുടങ്ങിയവരും ശ്രേയസ് അയ്യറിന്റെ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തി.
അതേസമയം മത്സരശേഷം ചഹലിനെ ഉപയോഗിക്കാതിരുന്നതിനെക്കുറിച്ച് ശ്രേയസ് അയ്യർ വിശദീകരണം നൽകി. പിച്ചിന്റെ സ്വഭാവം പേസർമാർക്ക് അനുകൂലമായിരുന്നുവെന്നും പന്ത് നന്നായി സീം ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പേസർമാർ കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞിരുന്നെങ്കിൽ വിക്കറ്റുകൾ ലഭിച്ചേനെയെന്നും എന്നാൽ അത് നടപ്പാക്കാൻ സാധിച്ചില്ലെന്നും അയ്യർ വ്യക്തമാക്കി.
ടൈം ഔട്ടിനിടെ സ്പിന്നർമാരെ പരീക്ഷിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തിരുന്നുവെന്ന് പഞ്ചാബ് ബൗളിംഗ് കോച്ച് സായിരാജ് ബഹുതുലെയും പറഞ്ഞു. എന്നാൽ ധരംശാലയിലെ സാഹചര്യങ്ങൾ ഫാസ്റ്റ് ബൗളർമാർക്ക് കൂടുതൽ സഹായകരമാണെന്ന വിലയിരുത്തലിലാണ് പേസർമാരെ തുടർച്ചയായി ഉപയോഗിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
ഈ സീസണിൽ ചഹലിന്റെ പ്രകടനവും നിരാശാജനകമാണ്. 11 മത്സരങ്ങളിൽ നിന്ന് 8 വിക്കറ്റുകൾ മാത്രമാണ് താരം നേടിയത്. കൂടാതെ ചഹലിന്റെ പന്തിൽ നിരവധി ക്യാച്ചുകൾ പഞ്ചാബ് ഫീൽഡർമാർ കൈവിട്ടതും താരത്തെ ബാധിച്ചു. സൺറൈസേഴ്സിനെതിരായ മത്സരത്തിൽ ഹെൻറിച്ച് ക്ലാസൻ, ഇഷാൻ കിഷൻ എന്നിവരുടെ ക്യാച്ചുകൾ ഉൾപ്പെടെ ഈ സീസണിൽ ആകെ ആറു ക്യാച്ചുകളാണ് ചഹലിന്റെ പന്തിൽ നഷ്ടമായത്. ഇതിനുപിന്നാലെയാണ് ഡൽഹിക്കെതിരായ നിർണായക മത്സരത്തിൽ ചഹലിന് ഒരു ഓവർ പോലും ലഭിക്കാതിരുന്നത്.






