ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമാണത്തിനായുള്ള സംഭാവനയിൽ ക്രമക്കേട് നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി എസ്.ഐടിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. സംഭവത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജികൾ അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാരിനും ഉത്തർപ്രദേശ് സർക്കാരിനും ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിനും നോട്ടീസ് നൽകി.
അന്വേഷണത്തിന്റെ നിലവിലെ പുരോഗതിയും എസ്.ഐ.ടി.യുടെ ഘടനയും സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തോട് കോടതി നിർദേശിച്ചു. ട്രസ്റ്റിന് നോട്ടീസ് അയക്കുന്നതിനെ സോളിസിറ്റർ ജനറൽ എതിർത്തെങ്കിലും കോടതി അത് അംഗീകരിച്ചില്ല. എസ്.ഐ.ടി. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ, കൂടുതൽ നടപടികൾ സ്വീകരിക്കുന്നതിന് മുമ്പ് അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.


