കൊച്ചി: ബിജെപി കൗൺസിലർ ആർ. സുഗതന് വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി. നാളെ രാവിലെ 11 മണിക്ക് ജയിലിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. സുഗതൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജയിലിൽ സത്യപ്രതിജ്ഞ നടത്തുന്നതിൽ നിയമപരമായ തടസമില്ലെന്നും ജനവിധിയെ മാനിക്കേണ്ടത് അനിവാര്യമാണെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. ചടങ്ങിൽ അക്രഡിറ്റഡ് മാധ്യമങ്ങൾക്ക് പ്രവേശനം നൽകാനും കോടതി നിർദേശിച്ചു.
സത്യപ്രതിജ്ഞ ചെയ്യുന്നതിനായി താൽക്കാലികമായി ജയിലിൽ നിന്ന് വിട്ടയക്കണമെന്നായിരുന്നു സുഗതന്റെ ആവശ്യം. എന്നാൽ കാപ്പാ കേസിൽ തടവിലായതിനാൽ പുറത്തിറക്കാൻ കഴിയില്ലെന്ന് ആഭ്യന്തര വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. പകരം ജയിലിൽ തന്നെ സത്യപ്രതിജ്ഞ നടത്താമെന്ന സർക്കാർ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു.
അതേസമയം, കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ് പ്രതികരിച്ചു. കോടതി നിർദേശിച്ച സമയത്ത് തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുമെന്നും ഭരണസമിതി എല്ലാ കൗൺസിലർമാർക്കും ആവശ്യമായ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, “ദൈവനാമത്തിൽ” സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സുഗതൻ ഉൾപ്പെടെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് വീണ്ടും സത്യപ്രതിജ്ഞ നടത്തേണ്ട സാഹചര്യം ഉണ്ടായെങ്കിലും കാപ്പാ നിയമപ്രകാരം ജയിലിലായതിനാൽ സുഗതന് ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് സത്യപ്രതിജ്ഞയ്ക്ക് പ്രത്യേക അനുമതി തേടി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.


