കോഴിക്കോട്: ജോലി ആവശ്യാർത്ഥം രാജസ്ഥാനിലേക്ക് യാത്ര ചെയ്യുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശി മുണ്ടാടികുനി ലിനീഷ് (44) ആണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയായ ലിനീഷ് പരിസ്ഥിതി പ്രവർത്തകനും സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്നു.
ശനിയാഴ്ച ഉച്ചയോടെയാണ് രാജസ്ഥാനിൽ യാത്രയ്ക്കിടെ ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ജോധ്പൂരിലെ എംഡിഎം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്.
അപകടവിവരം അറിഞ്ഞതോടെ ലിനീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും രാജസ്ഥാനിലേക്ക് തിരിച്ചിട്ടുണ്ട്. നിലവിൽ മൃതദേഹം ജോധ്പൂർ എംഡിഎം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.











