കുവൈത്ത് സിറ്റി: കുവൈത്തിന്റെ അതിർത്തിക്ക് നേരെ വീണ്ടും വ്യോമാക്രമണ ശ്രമം ഉണ്ടായതായി സൈനിക ജനറൽ സ്റ്റാഫ് അറിയിച്ചു. ആക്രമണ ഭീഷണിയെ തുടർന്ന് രാജ്യത്തിന്റെ വ്യോമ പ്രതിരോധ യൂണിറ്റുകൾ അടിയന്തരമായി രംഗത്തിറങ്ങി.
ശത്രുക്കളുടെ വ്യോമ ലക്ഷ്യങ്ങളെ പ്രതിരോധ സംവിധാനങ്ങൾ നേരിടുകയാണെന്ന് സൈന്യം പ്രസ്താവനയിൽ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച സുരക്ഷാ നടപടികൾ അനുസരിച്ചാണ് വ്യോമ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സുരക്ഷാ ഏജൻസികൾ നൽകുന്ന എല്ലാ നിർദേശങ്ങളും പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്ന് സൈന്യം അഭ്യർഥിച്ചു.
ആക്രമണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും ഔദ്യോഗികവും വിശ്വസനീയവുമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും സൈനിക ജനറൽ സ്റ്റാഫ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.


