തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ നടന്ന ഗൺമാൻമാരുടെ മർദനക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന എസ്.ഐടി കണ്ടെത്തലിനെ തുടർന്ന് എഡിജിപി എം.ആർ. അജിത് കുമാറിനോട് വിശദീകരണം തേടാൻ ഡിജിപി. എസ്.ഐടി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അജിത് കുമാറിന്റെ വിശദീകരണം ലഭിച്ച ശേഷം ഡിജിപി റിപ്പോർട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറും. തുടർന്ന് അദ്ദേഹത്തിനെതിരെ നടപടി ശുപാർശ ചെയ്യുമെന്നും വിവരമുണ്ട്.
ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെട്ട മർദനക്കേസിലെ അന്വേഷണത്തിൽ ഇടപെടൽ നടന്നതായി എസ്.ഐ.ടി. റിപ്പോർട്ടിൽ പറയുന്നു. ആദ്യ അന്വേഷണ റിപ്പോർട്ട് തിരുത്തി പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചെന്നാണ് കണ്ടെത്തൽ.
അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എഡിജിപി അജിത് കുമാറിന്റെ നിർദേശപ്രകാരമാണ് റിപ്പോർട്ട് തിരുത്തിയതെന്ന് ഉദ്യോഗസ്ഥർ മൊഴി നൽകിയതായി എസ്.ഐ.ടി. റിപ്പോർട്ടിൽ പറയുന്നു.
ചൂരൽമല ഉരുൾപൊട്ടലിന് ശേഷമുള്ള ദിവസങ്ങളിൽ പൊലീസ് ക്ലബ്ബിൽ താമസിപ്പിച്ച് റിപ്പോർട്ട് തിരുത്താൻ ആവശ്യപ്പെട്ടെന്നും അന്ന് ഇത് പുറത്തറിയില്ലെന്ന് അജിത് കുമാർ പറഞ്ഞതായും അന്വേഷണ ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്.
അജിത് കുമാർ മോശമായി പെരുമാറിയതിനെ തുടർന്ന് തനിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും ഒരു എസ്.ഐ. മൊഴി നൽകിയിട്ടുണ്ട്. ഇതിന് പിന്തുണയായി മെഡിക്കൽ റിപ്പോർട്ടും അന്വേഷണ സംഘത്തിന് കൈമാറിയതായി റിപ്പോർട്ടിൽ പറയുന്നു.











