ഭുവനേശ്വർ: ഒഡീഷയിൽ കുടുംബവഴക്കിനിടെ ഭാര്യ മൊബൈൽ ഫോൺ കൊണ്ട് തലയ്ക്കടിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബലാങ്കീർ ജില്ലയിലാണ് സംഭവം.
ദമ്പതികൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് ഭാര്യ ഭർത്താവിന്റെ തലയിൽ മൊബൈൽ ഫോൺ കൊണ്ട് അടിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ബലാങ്കീർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും വീട്ടിലെത്തിയതിന് പിന്നാലെ യുവാവിന്റെ ആരോഗ്യനില വീണ്ടും വഷളായി. തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തലയിലേറ്റ പരിക്കാണോ മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് അധികൃതർ അറിയിച്ചു. റിപ്പോർട്ടിന്റെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് വ്യക്തമാക്കി.













