ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ കല്യാൺപുരിയിൽ യുവ അധ്യാപികയെ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി. ഡൽഹി പൊലീസ് കോൺസ്റ്റബിളായ മനീഷ് ഭാട്ടിയാണ് ഭാര്യ പ്രിയങ്കയെ (26) കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. പൊലീസ് വിവരങ്ങൾ പ്രകാരം, സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് മനീഷ് പ്രിയങ്കയെ നടുറോഡിൽ ആക്രമിച്ച് വെടിവെച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
സംഭവം നടന്ന ദിവസം പ്രിയങ്കയുടെ ജന്മദിനമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയെ വഴിയാത്രക്കാർ ഉടൻ സമീപത്തെ ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡൽഹി പൊലീസിലെ ആന്റി ഓട്ടോ തെഫ്റ്റ് സ്‌ക്വാഡിലെ അംഗമാണ് പ്രതിയായ മനീഷ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചു.


