കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എറണാകുളം റേഞ്ചിൽ സ്കൂൾ–കോളേജ് വാഹന ഡ്രൈവർമാരിൽ നടത്തിയ പ്രത്യേക പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 29 പേർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചു. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ എറണാകുളം റേഞ്ച് ഡി.ഐ.ജി. യതീഷ് ചന്ദ്രയുടെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്.
എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലായി 1,231 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 3,333 ഡ്രൈവർമാരെയാണ് പരിശോധിച്ചത്. ഇതിൽ 29 പേർ മദ്യപിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് മോട്ടോർ വാഹന നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
എറണാകുളം റൂറൽ ജില്ലയിൽ 373 സ്കൂളുകളിലെ 1,162 ഡ്രൈവർമാരെ പരിശോധിച്ചതിൽ ഏഴ് പേർ, ആലപ്പുഴയിൽ 244 സ്കൂളുകളിലെ 634 ഡ്രൈവർമാരിൽ ഒൻപത് പേർ, കോട്ടയത്ത് 311 സ്കൂളുകളിലെ 688 ഡ്രൈവർമാരിൽ ആറ് പേർ, ഇടുക്കിയിൽ 303 സ്കൂളുകളിലെ 849 ഡ്രൈവർമാരിൽ ഏഴ് പേർ എന്നിങ്ങനെയാണ് മദ്യപിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തിയത്.
മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവർമാരെ ജോലിയിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയതായും പൊലീസ് അറിയിച്ചു.
വിദ്യാർഥികളുടെ ജീവനും സുരക്ഷയും അപകടത്തിലാക്കുന്ന നിയമലംഘനങ്ങൾ ഒരു സാഹചര്യത്തിലും അനുവദിക്കില്ലെന്ന് ഡി.ഐ.ജി. യതീഷ് ചന്ദ്ര വ്യക്തമാക്കി. മുന്നറിയിപ്പില്ലാതെ ഇത്തരം പരിശോധനകൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ മാനേജ്മെന്റുകളും വാഹന ഉടമകളും ഡ്രൈവർമാരുടെ യോഗ്യത, ശാരീരികക്ഷമത, ആവശ്യമായ രേഖകൾ എന്നിവ കൃത്യമായി ഉറപ്പാക്കണമെന്നും വിദ്യാർഥികളുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും പൊലീസ് നിർദേശിച്ചു.











