കോഴിക്കോട്: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് സമസ്ത മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പദ്ധതി വ്യാപക വിമർശനത്തിനും ആക്ഷേപങ്ങൾക്കും ഇടയാക്കിയിട്ടുണ്ടെന്നും പൊതുതാൽപര്യം കണക്കിലെടുത്ത് സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും സമസ്ത സെക്രട്ടറി കെ. ഉമർ ഫൈസി മുക്കം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നിഷിപ്ത താൽപര്യങ്ങൾ പദ്ധതിയിലൂടെ നടപ്പാക്കപ്പെടുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയെ കണ്ട സമസ്ത പ്രതിനിധി സംഘം കേരളത്തിൽ അറബിക് ആൻഡ് ഫോറിൻ ലാംഗ്വേജ് സർവകലാശാല സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. കൂടാതെ ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും മൂന്ന് ദിവസത്തെ അവധി സർക്കാർ കലണ്ടറിൽ ഉൾപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.


