തൃശൂർ: വയോധികന്റെ ശരീരത്തിൽ ചൂടുവെള്ളമൊഴിച്ച് ഗുരുതരമായി പൊള്ളിച്ച കേസിൽ അയൽവാസിയായ രാജൻ അറസ്റ്റിൽ. കഴിഞ്ഞ വർഷം തിരുവോണ ദിവസം 62-കാരനായ ശശിയെ പൊള്ളലേറ്റ നിലയിൽ റോഡരികിൽ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. വടക്കാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആറുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
ദൃക്സാക്ഷികളോ സിസിടിവി ദൃശ്യങ്ങളോ ലഭിക്കാത്തതിനാൽ സംശയാസ്പദരായവരെ കേന്ദ്രീകരിച്ച് പൊലീസ് വ്യാപകമായ അന്വേഷണം നടത്തിയിരുന്നു. മുപ്പതോളം പേരുടെ മൊഴി രേഖപ്പെടുത്തുകയും സംഭവസാഹചര്യങ്ങൾ വിശദമായി പരിശോധിക്കുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിനിടെ രാജൻ നൽകിയ മൊഴിയിൽ അസ്വാഭാവികത തോന്നുകയും അന്വേഷണം ശക്തമാക്കുകയും ചെയ്തു.
പിന്നീട് രാജൻ ചില അടുത്ത സുഹൃത്തുക്കളോട് മാസങ്ങൾക്കുശേഷം കുറ്റസമ്മതം നടത്തിയതായി പൊലീസിന് വിവരം ലഭിച്ചു. അതുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിച്ച ശേഷമാണ് അറസ്റ്റ് നടന്നത്. വീട്ടിലേക്ക് ബന്ധുക്കൾ വരാനിരുന്ന സമയത്ത് വീടിന് സമീപം വഴിയിൽ മദ്യപിച്ച് കിടന്നതിനാലാണ് ശശിയുടെ മേൽ ചൂടുവെള്ളം ഒഴിച്ചതെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു.






