തിരുവനന്തപുരം: സിപിഎമ്മിന്റെ ആസ്ഥാനമന്ദിരമായ എകെജി സെന്റർ ഇന്ന് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുന്നതിനൊപ്പം എ കെ ജിയുടെ പ്രതിമയും അനാച്ഛാദനം ചെയ്യും. സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ഉൾപ്പെടെയുള്ള നേതാക്കളും എൽഡിഎഫിന്റെ ഘടകകക്ഷി നേതാക്കളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.പാർട്ടി കോൺഗ്രസ് പൂർത്തിയായതിനു പിന്നാലെയാണ് ഇന്ന് സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാനമായ എകെജി സെൻറർ പ്രവർത്തനമാരംഭിക്കുന്നത്.
32 സെൻറ് ഭൂമിയിൽ ഒമ്പത് നിലകളിൽ ആയിട്ടാണ് മന്ദിരം പണികഴിപ്പിച്ചിരിക്കുന്നത്. പാർട്ടിയിലെ മുതിർന്ന നേതാക്കളുടെയും രക്തസാക്ഷികളുടെയും കുടുംബാംഗങ്ങളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ശിലാഫലകത്തിന്‍റെ അനാച്ഛാദനവും തുടർന്ന് എകെജി ഹാളിൽ പൊതുസമ്മേളനവും നടക്കും. നിലവിൽ എകെജി സെൻറർ പ്രവർത്തിച്ചിരുന്ന പാളയത്തെ എകെജി പഠന ഗവേഷണ കേന്ദ്രത്തിന് നേരെ എതിർവശത്തായാണ് രണ്ട് സെല്ലാർ പാർക്കിംഗ് ഉൾപ്പെടെ 9 നിലകളോടു കൂടിയ ആസ്ഥാനമന്ദിരം സജ്ജമായിരിക്കുന്നത്.






