തൃശ്ശൂർ: കുചേല ദിനാഘോഷങ്ങളുടെ ഭാഗമായി മഞ്ജുളാൽത്തറയിൽ പുതുതായി നിർമ്മിച്ച കുചേല പ്രതിമ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ സമർപ്പിച്ചു.ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി. സി. ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി.
തുടർന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ കുചേല പ്രതിമയുടെ അനാച്ഛാദനവും സമർപ്പണവും നിർവ്വഹിച്ചു.ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ. പി. വിശ്വനാഥൻ, മനോജ് ബി. നായർ, കെ. എസ്. ബാലഗോപാൽ, അഡ്മിനിസ്ട്രേറ്റർ ഒ. ബി. അരുണ്‍കുമാർ എന്നിവർ പങ്കെടുത്തു.
കുചേല പ്രതിമ വഴിപാടായി സമർപ്പിച്ച വേണുകുന്നപ്പള്ളി, ശില്പി ഉണ്ണി കാനായി, ദേവസ്വം ഉദ്യോഗസ്ഥർ, നിരവധി ഭക്തർ എന്നിവരുടെ സാന്നിധ്യത്തിൽ ആത്മീയാന്തരീക്ഷത്തിലാണ് ചടങ്ങുകൾ നടന്നത്.






