ന്യൂഡൽഹി: നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ ഉൾപ്പെടുത്തി എൻസിഇആർടി എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകം. കോടതികളിലെ അഴിമതിയും കേസുകൾ കെട്ടിക്കിടക്കുന്നതുമാണ് ‘നമ്മുടെ സമൂഹത്തിൽ നീതിന്യായ വ്യവസ്ഥയുടെ പങ്ക്’ എന്ന അധ്യായത്തിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.
ജഡ്ജിമാരുടെ എണ്ണക്കുറവ്, സങ്കീർണ്ണമായ നിയമനടപടികൾ, മോശം അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ കാരണങ്ങളാലാണ് കേസുകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നതിന് കാരണമായി പ്രതിപാദിക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.
പഴയ പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയുടെ പങ്ക്, സ്വതന്ത്ര ജുഡീഷ്യറി എന്നാൽ എന്ത്, കോടതികളുടെ ഘടന, അവ എങ്ങനെ സമീപിക്കാം എന്നിവ മാത്രമാണ് വിവരിച്ചിരുന്നത്. അഴിമതിയെക്കുറിച്ച് പരാമർശമുണ്ടായിരുന്നില്ല. എന്നാൽ, കേസുകൾ കേൾക്കാൻ കോടതികൾ എടുക്കുന്ന ദീർഘകാലം സാധാരണക്കാരന്റെ നീതിലഭ്യതയെ ബാധിക്കുന്നുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ‘നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണ്’ എന്ന പ്രയോഗം ഇതിനായി പഴയ പുസ്തകത്തിൽ ഉപയോഗിച്ചിരുന്നു.




