ന്യൂഡൽഹി: വിദേശത്തുള്ള ഇന്ത്യൻ വംശജർക്കുള്ള ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാർഡുമായി ബന്ധപ്പെട്ട പൗരത്വ ചട്ടങ്ങളിൽ കേന്ദ്ര സർക്കാർ പ്രധാന ഭേദഗതികൾ കൊണ്ടുവന്നു. രജിസ്‌ട്രേഷൻ നടപടികൾ ലളിതമാക്കുന്നതിനൊപ്പം സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുന്നതാണ് പുതിയ മാറ്റങ്ങളുടെ ലക്ഷ്യം.
പുതിയ ചട്ടങ്ങൾ പ്രകാരം, ഇന്ത്യൻ വംശജരായ വിദേശ പൗരന്മാരുടെ ജീവിത പങ്കാളികൾക്കും ഇനി ഒ.സി.ഐ കാർഡിനായി അപേക്ഷിക്കാം. എന്നാൽ വിവാഹം രജിസ്റ്റർ ചെയ്ത് കുറഞ്ഞത് രണ്ട് വർഷം പൂർത്തിയായിരിക്കണം. വിവാഹബന്ധം നിലനിൽക്കുന്ന കാലയളവിൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. മുൻപ് നിലവിലുണ്ടായിരുന്ന പി.ഐ.ഒ, ഒ.സി.ഐ കാർഡുകളുടെ ലയനം ഔദ്യോഗികമായി പൂർത്തിയാക്കുന്നതിന്റെയും ഭാഗമായാണ് നടപടി.
ഒ.സി.ഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിൽ താമസിക്കാനും ജോലി ചെയ്യാനും ആജീവനാന്ത വിസ ലഭിക്കും. എന്നാൽ പർവതാരോഹണം, മിഷനറി പ്രവർത്തനങ്ങൾ, ഗവേഷണം, നിരോധിത അല്ലെങ്കിൽ സംരക്ഷിത പ്രദേശങ്ങൾ സന്ദർശിക്കൽ എന്നിവയ്ക്കായി കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്.
ഭേദഗതിയോടെ രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെയോ തെറ്റായ വിവരങ്ങൾ നൽകി കാർഡ് നേടിയവരുടെയോ രജിസ്‌ട്രേഷൻ റദ്ദാക്കാൻ സർക്കാരിന് കൂടുതൽ അധികാരം ലഭിക്കും. അതേസമയം ഇത്തരം നടപടികൾക്ക് മുമ്പ് ബന്ധപ്പെട്ട വ്യക്തിക്ക് വിശദീകരണം നൽകാനുള്ള അവസരം നൽകുമെന്നും സർക്കാർ വ്യക്തമാക്കി.
പുതിയ സംവിധാനപ്രകാരം, വിദേശത്തുള്ള ഇന്ത്യൻ എംബസികൾ വഴിയോ ഇന്ത്യയിലെ വിദേശികളുടെ പ്രാദേശിക രജിസ്‌ട്രേഷൻ ഓഫീസുകൾ വഴിയോ ഓൺലൈനായി അപേക്ഷിക്കാം. നടപടിക്രമങ്ങളിൽ കൂടുതൽ വ്യക്തത വരുത്തിയത് പ്രവാസികൾക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.




