കോഴിക്കോട്: വയനാട്–കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത പദ്ധതിയുടെ പ്രധാന ഘട്ടമായ ഫസ്റ്റ് ബ്ലാസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച് ഓൺ ചെയ്തു. മറിപ്പുഴയിലെ പദ്ധതി പ്രദേശത്ത് രാവിലെ 12 മണിയോടെയാണ് ചടങ്ങ് നടന്നത്.
2025 ഓഗസ്റ്റ് 31-നാണ് മുഖ്യമന്ത്രി തുരങ്കപാത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമിട്ടത്. താത്ക്കാലിക പാലം, ക്രഷർ യൂണിറ്റ്, ഫ്യൂവൽ ടാങ്ക്, തൊഴിലാളികൾക്കായുള്ള ക്യാമ്പ് ഷെഡുകൾ എന്നിവ ഉൾപ്പെടെയുള്ള അനുബന്ധ നിർമാണങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ പ്രധാന ഘട്ടമായ ബ്ലാസ്റ്റിംഗ് ആരംഭിച്ചത്.
8.73 കിലോമീറ്റർ നീളമുള്ള ഈ തുരങ്കപാത കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നാണ്. വയനാടിനെയും കോഴിക്കോട് ജില്ലയെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പദ്ധതി ഗതാഗത സൗകര്യം വേഗത്തിലാക്കുമെന്നതാണ് വിലയിരുത്തൽ.
പദ്ധതിയുടെ മേൽനോട്ട ചുമതല കേരള പൊതുമരാമത്ത് വകുപ്പിനാണ്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (KIIFB) മുഖേനയാണ് നിർമാണത്തിനുള്ള ഫണ്ട് ലഭ്യമാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനും നിർവഹണത്തിനുമായി സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളായി കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിനെയാണ് നിയോഗിച്ചിരിക്കുന്നത്.
ഭോപാൽ ആസ്ഥാനമായ ദിലീപ് ബിൽഡ്‌കോൺ, കൊൽക്കത്ത ആസ്ഥാനമായ റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളാണ് പദ്ധതിയുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്. ഏകദേശം 2134.5 കോടി രൂപ ചെലവഴിച്ച് നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.






