മലപ്പുറം : കാളികാവ് കടുവാ ദൗത്യത്തിന്റെ ചുമതലയിലുള്ള നിലമ്പൂര്‍ സൗത്ത് ഡി എഫ് ഒയ്ക്ക് സ്ഥലം മാറ്റം. ഡി എഫ് ഒ ജി ധനിക് ലാലിനെയാണ് തിരുവനന്തപുരം ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് സ്ഥലം മാറ്റിയത്.
അതേസമയം കാളികാവിലെ നരഭോജി കടുവയെ പിടികൂടാനുള്ള വനം വകുപ്പിന്റെ ശ്രമം മൂന്നാം ദിവസവും തുടരുകയാണ്. ഇതിനിടയിലാണ് ദൗത്യത്തിന് ചുമതല വഹിക്കുന്ന ഡി എഫ് യ്ക്ക് അപ്രതീക്ഷിത സ്ഥലംമാറ്റം. എ സി എഫ് കെ രാകേഷിനാണ് പകരം ചുമതല. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലുള്ള കേസുമായി ബന്ധപ്പെട്ടാണ് സ്ഥലം മാറ്റമെന്ന് ഉത്തരവില്‍ പറയുന്നത്.
ഡി എഫ് ഒ ധനിക് ലാലിന്റൈ സ്ഥലം മാറ്റം കടുവാ ദൗത്യത്തെ ബാധിക്കുമെന്നാണ് ഡോ. അരുണ്‍ സക്കറിയയുടെ പ്രതികരണം. ദൗത്യത്തിന് നേതൃത്വം നല്കുന്ന ആളെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സ്വാഭാവികമായും ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വനം വകുപ്പ് പാറശ്ശേരി മേഖലയില്‍ ജാഗ്രത നിര്‍ദേശം നല്‍കിയതോടെ നിരവധി തൊഴിലാളികള്‍ക്കാണ് ജോലിക്ക് പോകാന്‍ സാധിക്കാത്തത്. ഇവര്‍ക്ക് ഭക്ഷണ കിറ്റ് നല്കാന് കാളികാവില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. കൂടാതെ പ്രദേശത്തെ അടിക്കാടുകള്‍ വെട്ടും. വനംവകുപ്പിന്റെ പരിശോധനയില്‍ ഇതുവരെയും കടുവയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇരുപത് പേരടങ്ങുന്ന മൂന്ന് സംഘങ്ങളായാണ് കടുവയ്ക്കായി തിരച്ചില്‍ നടത്തുന്നത്. കടുവയെ കണ്ടെത്താന്‍ 50 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടുകള്‍ സ്ഥാപിച്ചിടങ്ങളില്‍ കടുവയുടെ സാന്നിധ്യം ഇല്ല.






