പാലക്കാട്: ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തിൽ ഡോക്ടർമാരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കി. പാലക്കാട് ജില്ലാ ആശുപത്രിയിൽ കുട്ടിക്ക് ആവശ്യമായ പ്രാഥമിക ചികിത്സ നൽകിയിരുന്നുവെന്നും, സെപ്റ്റംബർ 30-ന് എത്തിച്ചപ്പോൾ തന്നെ കൈയിലെ രക്തയോട്ടം നിലച്ച നിലയിലായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
പാലക്കാട് ഡിഎംഒ നിയോഗിച്ച രണ്ട് ഡോക്ടർമാരാണ് അന്വേഷണം നടത്തിയത്. ഡ്യൂട്ടി ഡോക്ടറുടെയും വകുപ്പ് മേധാവിയുടെയും മൊഴികൾ കേട്ട ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും ഇത് ഡിഎംഒയ്ക്ക് കൈമാറിയതായും അറിയിച്ചിട്ടുണ്ട്.
പല്ലശ്ശന സ്വദേശിനിയായ വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. സെപ്റ്റംബർ 24-ന് വീടിനടുത്ത് കളിക്കുമ്പോൾ പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. കൈയിൽ പ്ലാസ്റ്റർ ഇട്ടെങ്കിലും, വേദന തുടർന്നതിനാൽ മാതാവ് വീണ്ടും വിവരം അറിയിച്ചപ്പോൾ അഞ്ച് ദിവസം കഴിഞ്ഞ് വരാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.
അഞ്ച് ദിവസം കഴിഞ്ഞ് പ്ലാസ്റ്റർ നീക്കിയപ്പോൾ കൈയിൽ രക്തയോട്ടം ഇല്ലാതായി, അഴുകിയ നിലയിലായിരുന്നുവെന്നും തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാറ്റിയതായും ബന്ധുക്കൾ വ്യക്തമാക്കി. ഇവിടെ വെച്ചാണ് ശസ്ത്രക്രിയ നടത്തി കുട്ടിയുടെ കൈ മുറിച്ചുമാറ്റിയത്.






