കോഴിക്കോട്: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പേരിൽ നിർമിച്ച വ്യാജ എ.ഐ. വീഡിയോ ഉപയോഗിച്ച് വൻ ഓൺലൈൻ തട്ടിപ്പ്. ട്രേഡിങ്ങിലൂടെ വലിയ ലാഭം നേടാമെന്ന് വാഗ്ദാനം ചെയ്യുന്ന വീഡിയോ വിശ്വസിച്ച നടുവണ്ണൂർ സ്വദേശിക്ക് 1.45 കോടി രൂപ നഷ്ടമായി. ഒരാഴ്ചയ്ക്കിടെ കോഴിക്കോട് ജില്ലയിൽ സമാനമായ രീതിയിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ തട്ടിപ്പാണിത്. സംഭവത്തിൽ കോഴിക്കോട് റൂറൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.
ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭം നേടാമെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ വാഗ്ദാനം ചെയ്യുന്നതരത്തിലുള്ള വ്യാജ എ.ഐ. വീഡിയോയാണ് തട്ടിപ്പുകാർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. വീഡിയോയ്ക്കൊപ്പമുണ്ടായിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് നടുവണ്ണൂർ സ്വദേശി തട്ടിപ്പുകാരുടെ വലയിലായത്.
ലിങ്കിൽ ക്ലിക്ക് ചെയ്തതിന് പിന്നാലെ മലയാളത്തിൽ സംസാരിച്ച ഒരാൾ പരാതിക്കാരനെ ഫോണിൽ ബന്ധപ്പെട്ടു. ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ വലിയ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച സംഘം ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൈക്കലാക്കി. ജൂൺ മുതൽ നവംബർ വരെയുള്ള അഞ്ച് മാസത്തിനിടെ 30 തവണകളായാണ് 1.45 കോടി രൂപ തട്ടിയെടുത്തത്.
ഓരോ ഘട്ടത്തിലും മികച്ച ലാഭം വാഗ്ദാനം ചെയ്താണ് കൂടുതൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ നിക്ഷേപിച്ച തുകയോ വാഗ്ദാനം ചെയ്ത ലാഭമോ തിരികെ ലഭിക്കാതായതോടെയാണ് തട്ടിപ്പിനിരയായ വിവരം പരാതിക്കാരൻ തിരിച്ചറിഞ്ഞത്.
ഒരാഴ്ചയ്ക്കിടെ കോഴിക്കോട് ജില്ലയിൽ സമാനമായ രീതിയിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ തട്ടിപ്പാണിത്. നേരത്തെ വടകരയിലെ വയോധിക ദമ്പതികൾക്കും വ്യാജ എ.ഐ. വീഡിയോയിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് മൂന്ന് ലക്ഷം രൂപ നഷ്ടമായിരുന്നു. പെൻഷൻ തുകയും മറ്റ് സമ്പാദ്യങ്ങളുമായി ബാങ്കിൽ സൂക്ഷിച്ചിരുന്ന പണമാണ് ഇവർക്ക് നഷ്ടപ്പെട്ടത്. ദിവസങ്ങൾക്ക് മുമ്പ് താമരശ്ശേരിയിലും സമാനമായ രീതിയിൽ വ്യാജ വീഡിയോ ഉപയോഗിച്ചുള്ള തട്ടിപ്പ് റിപ്പോർട്ട് ചെയ്തിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ബാങ്ക് അക്കൗണ്ടുകളും ഫോൺ കോളുകളും കേന്ദ്രീകരിച്ച് കോഴിക്കോട് റൂറൽ സൈബർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.


