തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിക്ക് താത്പര്യമില്ലെന്ന് ആരോപണമുന്നയിച്ച രണ്ട് സ്ത്രീകൾ. ഗർഭഛിദ്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖയിലുള്ള സ്ത്രീയുമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സംസാരിച്ചിരുന്നു. എന്നാൽ അവർ നിയമനടപടിക്ക് താത്പര്യം പ്രകടിപ്പിച്ചില്ലെന്നാണ് വിവരം. ഗർഭഛിദ്രത്തിന് രാഹുൽ യുവതിയെ നിർബന്ധിക്കുന്നതായിരുന്നു പുറത്തുവന്ന ശബ്ദരേഖയിലുണ്ടായിരുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിൽ മോശമായി പെരുമാറിയെന്നാരോപിച്ച യുവനടിയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. മാദ്ധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ച അവർ നിയമനടപടിക്കില്ലെന്നും വ്യക്തമാക്കി. ആരോപണമുന്നയിച്ച ട്രാൻസ്‌ജെൻഡർ യുവതി മൊഴി നൽകാൻ പോലും തയ്യാറായിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയവരുടെ മൊഴിയും അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചെന്ന കേസിൽ സുഹൃത്തുക്കൾക്കും പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവരെയും പ്രതികളാക്കും.






