മുംബൈ: മാംസാഹാരം കഴിക്കുന്നതിനെച്ചൊല്ലി സംഘര്‍ഷം. മുംബൈ ഘാട്കോപ്പര്‍ മേഖലയില്‍ ഗുജറാത്തികളും മറാത്തി സംസാരിക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.. മാംസവും മീനും കഴിച്ചതിന്റെ പേരില്‍ ഒരു അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലെ താമസക്കാര്‍ മറാത്തികളായ കുടുംബങ്ങളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് സംഘര്‍ഷമുണ്ടായത്.
മാംസാഹാരം കഴിക്കുന്നവരെ വൃത്തിക്കെട്ടവരെന്ന് വിളിക്കുകയും മീനും മാംസവും പാചകം ചെയ്യരുതെന്ന് മറാത്തികളെ ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. അതെ സമയം ആര് എന്ത് കഴിക്കണമെന്ന് ആര്‍ക്കും നിര്‍ദേശിക്കാനാകില്ലെന്നും മുംബൈയില്‍ അത് നടക്കില്ലെന്നും എംഎന്‍എസ് നേതാവ് രാജ് പാര്‍ത്തെ പറഞ്ഞു.
സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും ആര്‍ക്കും പരാതിയില്ലാത്തതിനെ തുടര്‍ന്ന് കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. അപ്പാര്‍ട്ട്മെന്റില്‍ ഒരു തിരഞ്ഞെടുപ്പ് നടന്നിരുന്നുവെന്നും അതിന് പിന്നാലെ രണ്ടുവിഭാഗമായി ആളുകള്‍ ചേരിതിരിഞ്ഞെന്നുമാണ് പോലീസ് പറയുന്നത്.
ഭക്ഷണത്തിന്റെ പേരില്‍ മറാത്തികളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന പ്രവര്‍ത്തകര്‍ ഗുജറാത്തികളെ നേരിടുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്.






