ലോസ് ഏഞ്ചൽസ്: 2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലൂടെ കായിക ലോകത്തിന്റെ വിശ്വവേദിയിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുന്ന ക്രിക്കറ്റ് ഒരു പടികൂടി അതിനോട് അടുത്തു. ഇതിന്റെ ഭാഗമായി ദക്ഷിണ കാലിഫോർണിയയിലെ പോമോണയിൽ പതിനായിരത്തിലധികം പേർക്ക് കളി കാണാൻ സൗകര്യമുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള നൈറ്റ് റൈഡേഴ്സ് സ്പോർട്സ് ഗ്രൂപ്പിന്റെ അമേരിക്കൻ ടീമായ ‘ലോസ് ഏഞ്ചൽസ് നൈറ്റ് റൈഡേഴ്സിന്റെ’ ഹോം ഗ്രൗണ്ടായി ഈ സ്റ്റേഡിയം മാറും. അവർ നിർമ്മിക്കുന്ന ആദ്യത്തെ സ്വന്തം സ്റ്റേഡിയമാണിത്. പുരുഷ-വനിതാ ഒളിമ്പിക് മത്സരങ്ങൾക്കും മേജർ ലീഗ് ക്രിക്കറ്റിനും ഈ സ്റ്റേഡിയം ആതിഥേയത്വം വഹിക്കും. 126 വർഷത്തിന് ശേഷമാണ് ക്രിക്കറ്റ് ഒളിംപിക്സിലേക്ക് മടങ്ങിയെത്തുന്നത്. ഒളിമ്പിക്സിൽ ക്രിക്കറ്റ് അവസാനമായി പ്രത്യക്ഷപ്പെട്ടത് 1900-ൽ പാരീസിലായിരുന്നു.




