ന്യൂഡൽഹി: രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവി (CDS) ആയി ജനറൽ എൻ.എസ്. രാജാ സുബ്രഹ്മണി സ്ഥാനമേറ്റെടുത്തു. സ്ഥാനമേൽക്കുന്നതിന് മുമ്പ് അദ്ദേഹം ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് സൗത്ത് ബ്ലോക്കിൽ ആചാരപരമായ വരവേൽപ്പും ഗാർഡ് ഓഫ് ഓണറും നൽകി. ജനറൽ അനിൽ ചൗഹാൻ വിരമിച്ചതിനെ തുടർന്നാണ് പുതിയ നിയമനം.
2025 സെപ്റ്റംബർ മുതൽ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റിൽ മിലിട്ടറി അഡ്വൈസറായി പ്രവർത്തിച്ചുവരികയായിരുന്നു രാജാ സുബ്രഹ്മണി. അതിന് മുൻപ് 2024 ജൂലൈ മുതൽ 2025 ജൂലൈ വരെ കരസേനയുടെ ഉപമേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2023 മാർച്ച് മുതൽ 2024 ജൂൺ വരെ സെൻട്രൽ കമാൻഡിന്റെ ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ആയിരുന്നു. 1985 ഡിസംബറിൽ ഗർവാൾ റൈഫിൾസിലൂടെ സൈനിക സേവനത്തിലേക്ക് പ്രവേശിച്ച അദ്ദേഹം ഇന്ത്യൻ സൈന്യത്തിൽ 37 വർഷത്തിലേറെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
തെക്കേ ഇന്ത്യയിൽ നിന്ന് സംയുക്ത സൈനിക മേധാവി പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് ജനറൽ എൻ.എസ്. രാജാ സുബ്രഹ്മണി. വിവിധ നിർണായക സൈനിക ദൗത്യങ്ങളിൽ പ്രധാന പങ്കുവഹിച്ച അദ്ദേഹം, സൈന്യത്തിന്റെ തിയേറ്റർ കമാൻഡ് സംവിധാനം നടപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തിന്റെ ഉന്നത സൈനിക പദവി ഏറ്റെടുത്തത്.






