കോഴിക്കോട് : ഭൂമി തരംമാറ്റ നടപടിക്ക് എട്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിന് ഒളവണ്ണ വില്ലേജ് ഓഫീസർ ഉല്ലാസ് മോണിനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. അൻപതിനായിരം രൂപ ആദ്യഗഡുവായി വാങ്ങുന്നതിനിടെ കോഴിക്കോട് എൻജിഒ ക്വാർട്ടേഴ്‌സിന് സമീപത്താണ് ഇയാൾ പിടിയിലായത്.
1.62 ഏക്കർ ഭൂമി തരംമാറ്റത്തിനാണ് ഈ തുക ആവശ്യപ്പെട്ടത്. ഇന്നലെ വൈകിട്ട് വിജിലൻസ് അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. എറണാകുളം കോതമംഗലം സ്വദേശിയായ ഉദ്യോഗസ്ഥൻ, അവിടെ ജോലി ചെയ്തിരുന്ന കാലത്ത് തന്നെ നിരന്തരം കൈക്കൂലി ഇടപാടുകളിൽ ഏർപ്പെട്ടുവെന്ന വിവരങ്ങൾ വിജിലൻസിന് ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് ഇയാളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
വില്ലേജ് ഓഫീസർ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ നേരിട്ടാണ് വിവരം വിജിലൻസിനെ അറിയിച്ചത്. ഡിവൈഎസ്പി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒളവണ്ണയിലെത്തി കുടുക്ക് ഒരുക്കി ഇയാളെ പിടികൂടിയത്.






