ആലപ്പുഴ: അരൂർ–തുറവൂർ ദേശീയപാത ഉയരപ്പാത നിർമ്മാണപ്രദേശത്ത് പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീണ് ഒരാൾ മരിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. രണ്ട് ഗർഡറുകളാണ് താഴേക്ക് പതിച്ചത്.
ഒന്ന് പിക്കപ് വാനിന് പൂർണമായും മറ്റൊന്ന് ഭാഗികമായും മേൽവശത്ത് പതിച്ച നിലയിലായിരുന്നു. ഗർഡർ സ്ഥാപിക്കുന്ന പ്രവൃത്തിക്കിടയിലാണ് സംഭവം നടന്നത്.
തമിഴ്നാട്ടിൽ നിന്ന് മുട്ട കയറ്റി എറണാകുളത്ത് ഇറക്കിയ ശേഷം ആലപ്പുഴയിലേക്കു മടങ്ങുകയായിരുന്ന പിക്കപ് വാനാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിന് കരാർ കമ്പനിയുടെ അനാസ്ഥയാണ് കാരണമെന്ന് വാഹനയുടമ ആരോപിച്ചു. സംഭവത്തിൽ പിഡബ്ല്യുഡി സെക്രട്ടറിയോട് മന്ത്രി മുഹമ്മദ് റിയാസ് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.






