കോട്ടയം: കറുകച്ചാലിനടുത്തു ചമ്പക്കര ആശ്രമംപടിയിലെ തോട്ടിലേക്ക് കാർ മറിഞ്ഞത് ആറാം തവണ. അഞ്ച് പ്രാവശ്യവും യാത്രക്കാർ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ഇന്നലെ ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു.
പതിനഞ്ചു അടിയോളം താഴ്ചയുള്ള തോട്ടിലേക്കാണ് വാഹനങ്ങൾ മറിയുന്നത്. തോടിന്റെ വശത്ത് ക്രാഷ്ബാരിയറോ മറ്റ് സുരക്ഷാക്രമീകരണമോ സ്ഥാപിച്ചിട്ടില്ല. കറുകച്ചാൽ ഭാഗത്തുനിന്നു തോട്ടയ്ക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് മുൻപും തോട്ടിലേക്ക് മറിഞ്ഞത്.
ഇവിടെ കുറെ നാളുകൾ ആയി ഒരേസ്ഥലത്ത് തുടർച്ചയായി അപകടങ്ങളുണ്ടായപ്പോൾ സുരക്ഷാക്രമീകരണങ്ങൾ സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഒരു ഓട്ടോയും മൂന്ന് കാറുകളുമാണ് ഇവിടെ മറിഞ്ഞത്.






