കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് റെഡ് അലർട്ട് പുറപ്പെടുപ്പിച്ച വയനാട്ടിലെ ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ ഇന്ന് (ജൂലൈ 18) തുറക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ ഡാമം തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഒരു ഷട്ടറിന്‍റെ 15 സെൻറീമീറ്റർ ആണ് ഉയർത്തുക.
ഡാം തുറക്കാൻ തീരുമാനമായതോടെ ഡാമിന്‍റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത നിർദ്ദേശം നൽകി. പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം, പുൽപ്പള്ളി, മുള്ളൻകൊല്ലി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തുകൾ, മാനന്തവാടി മുനിസിപ്പാലിറ്റിയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഉള്ളവർ ജാഗ്രത പുലർത്തണം.
വെള്ളം കയറുന്ന ഭാഗങ്ങളിൽ കഴിയുന്ന ജനങ്ങളെ ആവശ്യമെങ്കിൽ ഒഴിപ്പിക്കാനും ക്യാമ്പുകളിലേക്ക് മാറ്റാനും അതാത് ഗ്രാമപഞ്ചായത്തുകൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.
ഡാം ജലം വന്നു പതിക്കുന്ന തോടുകളിലും പുഴകളിലും മറ്റും ഇറങ്ങി കുളിക്കാനോ മത്സ്യബന്ധനം നടത്താനോ പാടുള്ളതല്ല. ഡാം സ്പിൽവേയുടെ മുന്നിൽ പുഴയിൽ ഇറങ്ങുന്നതിൽ നിന്ന് ആളുകൾ പിന്തിരിയണമെന്നും അധികൃതർ അറിയിച്ചു.






