എല്ലായിപ്പോഴും ആൾക്കൂട്ടങ്ങളിൽ അവരുടെ പൾസിനൊപ്പം നിൽക്കാറുള്ള നേതാവായിരുന്നു അന്തരിച്ച ഉമ്മൻചാണ്ടി. ജന സ്വീകാര്യതയിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടിയോളം വരുന്ന ഒരു നേതാവും ഉണ്ടായിരുന്നില്ല. അത്രമേൽ ജനങ്ങളുമായി ഇടപഴകുന്ന ശൈലിയായിരുന്നു ഉമ്മൻചാണ്ടിയുടേത്. ലോകരാഷ്ട്രങ്ങളുടെ പോലും അംഗീകാരം നേടിയെടുത്ത ജനസമ്പർക്ക പരിപാടിയും അതുണ്ടാക്കിയ ചലനങ്ങളും നാം കണ്ടിട്ടുള്ളതാണ്. തനിക്ക് മുൻപിലേക്ക് കടന്നുവന്ന എല്ലാ രാഷ്ട്രീയ പ്രതിസന്ധികളെയും നിറഞ്ഞ പുഞ്ചിരിയോടെ നേരിട്ട ആത്മധൈര്യത്തിന്റെ കൂടി പേരായിരുന്നു ഉമ്മൻചാണ്ടി. ജനകീയ നേതാവായിരുന്ന ഉമ്മൻചാണ്ടിയെ അനുസ്മരിക്കും വിധം ഒരാളുണ്ട് ഇന്നത്തെ കോൺഗ്രസ് രാഷ്ട്രീയത്തിൽ. മറ്റാരുമല്ല വടകരയുടെ എംപിയും യുവജന നേതാവുമായ ഷാഫി പറമ്പിൽ. കോൺഗ്രസ് ആൾക്കൂട്ടങ്ങളുടെ പാർട്ടിയെന്ന് പൊതുവേ പറയാറുണ്ട്. കോൺഗ്രസിനെ ചരിത്രത്തിന്റെ ഏടുകളിലാണെങ്കിലും വർത്തമാനകാലത്ത് ആണെങ്കിലും അധികാരത്തിൽ എത്തിച്ചിട്ടുള്ളത് ആൾക്കൂട്ടങ്ങൾ തന്നെയായിരുന്നു. ആൾക്കൂട്ടങ്ങളുടെ പൊതുതീരുമാനങ്ങൾ സ്വാധീനിക്കപ്പെടുന്ന രാഷ്ട്രീയമാണ് കോൺഗ്രസിന്റെ രാഷ്ട്രീയം.
അങ്ങനെയുള്ള കോൺഗ്രസിൽ ആൾക്കൂട്ടങ്ങളുടെ കെമിസ്ട്രി അറിയുന്ന ഈ തലമുറയിലെ നേതാവായി ഷാഫി പറമ്പിൽ വളർന്നു പന്തലിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഏതു പ്രായത്തിലുള്ള ആളുകൾക്കിടയിലും ഏത് രാഷ്ട്രീയം ഉയർത്തിക്കാട്ടുന്ന ആളുകൾക്കിടയിലും ഷാഫി പറമ്പിൽ എന്ന നേതാവ് സ്വീകാര്യനാണ്. ഏതു പ്രതികൂല സാഹചര്യത്തിലും കോൺഗ്രസിന് ഊർജ്ജമായി നിലകൊള്ളുന്ന ചുരുക്കം ചില നേതാക്കളിൽ പ്രധാനി കൂടിയാണ് ഷാഫി പറമ്പിൽ. കോൺഗ്രസിലേക്ക് വരുമ്പോൾ ഇന്നിപ്പോൾ ഷാഫി ഒരു ബ്രാൻഡായി തന്നെ മാറിയിരിക്കുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഷാഫി പറമ്പില്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നത്. 2011 ല്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ് ആയിരിക്കെയാണ് പാലക്കാട് നിന്ന് ഷാഫി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഈ കാലഘട്ടങ്ങളില്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് എത്തിയ മറ്റ് യുവ നേതാക്കളെക്കാള്‍ പാര്‍ട്ടിയില്‍ ശക്തനാവാന്‍ ഷാഫി പറമ്പിലിന് കഴിഞ്ഞു.
കോണ്‍ഗ്രസിന്റെ സൈബര്‍ മുഖമായി മാറി അണികള്‍ ആഘോഷമാക്കിയിരുന്ന വിടി ബല്‍റാമിന് തൃത്താല തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടതോടെ മുമ്പുണ്ടായിരുന്ന സ്വാധീനം കുറഞ്ഞു. പി സി വിഷ്ണുനാഥ് അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടിയിലുണ്ടെങ്കിലും ഷാഫിയെ പോലെ ക്രൗഡ് പുള്ളറാവാന്‍ കഴിഞ്ഞിട്ടില്ല. നിലവിൽ എംപിയാണെങ്കിലും തിരികെ കേരള രാഷ്ട്രീയത്തിലേക്ക് എൻട്രി ഷാഫിക്ക് അനായാസം കഴിയാവുന്നതേയുള്ളൂ. എത്ര നിർണായകമായ തെരഞ്ഞെടുപ്പിലും വിജയിക്കുവാൻ കഴിയുന്ന സ്ഥാനാർത്ഥിയാണെന്ന് പാലക്കാട്ടെ മുൻ തിരഞ്ഞെടുപ്പുകളിലൂടെയും വടകരയിലെ അവസാന തെരഞ്ഞെടുപ്പിലൂടെയും അദ്ദേഹം തെളിയിച്ചിട്ടുണ്ട്. തന്റെ വിജയത്തിനപ്പുറം മറ്റൊരു സ്ഥാനാർത്ഥിയെ വിജയിപ്പിക്കുവാൻ കഴിയുന്ന ആളാണെന്ന് പോയ പാലക്കാട് തെരഞ്ഞെടുപ്പിലൂടെയും അദ്ദേഹം കാട്ടി തന്നിട്ടുണ്ട്.




