കൊച്ചി: വ്യാജരേഖകൾ ചമച്ച് അന്തർസംസ്ഥാന അവയവക്കച്ചവടം നടത്തിയ റാക്കറ്റിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ പിടിയിലായ മുഖ്യപ്രതി നജീബിനെ ചോദ്യം ചെയ്തതിൽ കേരളത്തിന് പുറമെ തമിഴ്നാട്ടിലും ഇയാൾ അവയവക്കച്ചവടവും തട്ടിപ്പുകളും നടത്തിയതായി അന്വേഷണത്തിൽ സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. ഗാസിയാബാദിൽ നിന്ന് പിടിയിലായ നജീബിനെ കേരളത്തിലെത്തിച്ച് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് തമിഴ്നാട് ബന്ധങ്ങൾ വ്യക്തമാകുന്നത്.
തമിഴ്നാട്ടിലും ഇയാൾ അവയവദാതാക്കളെ കണ്ടെത്തിയിരുന്നതായും അതിനായി വിപുലമായ ഏജന്റ് ശൃംഖല പ്രവർത്തിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. നിയമവിരുദ്ധമായ അവയവ കൈമാറ്റങ്ങൾ മറച്ചുവെക്കുന്നതിനായി പ്രതികൾ വ്യാപകമായി വ്യാജ രേഖകൾ ഉപയോഗിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. എംപിമാർ, എംഎൽഎമാർ, റവന്യൂ ഉദ്യോഗസ്ഥർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ ലെറ്റർപാഡുകളും സീലുകളും ഒപ്പുകളും വരെ ഇവർ വ്യാജമായി നിർമ്മിച്ചിരുന്നതായി കണ്ടെത്തി.
അവയവദാതാവും സ്വീകരിക്കുന്നയാളും അടുത്ത ബന്ധുക്കളാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ഈ രേഖകൾ ഉപയോഗിച്ചതായാണ് വിവരം. കരൾ മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട രേഖകളും എറണാകുളത്തെ ചില ആശുപത്രികളുടെ ലെറ്റർപാഡുകളും സീലുകളും പ്രതിയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. രേഖകളുടെ സാങ്കേതിക പരിശോധനയ്ക്കായി മെഡിക്കൽ വിദഗ്ധ സംഘത്തെ നിയോഗിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നു. കൂടാതെ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ വിഷയത്തിൽ പ്രത്യേക അന്വേഷണം നടത്തുമെന്നുമാണ് സൂചന.
കാസർകോട് സ്വദേശിയായ നജീബിന് കൊലക്കേസ് ഉൾപ്പെടെയുള്ള ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും കർണാടകയിൽ ഇയാൾക്കെതിരെ കൊലക്കേസ് നിലനിൽക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ വർഷങ്ങളായി ഇയാൾ കാക്കനാട് പള്ളിക്കരയിൽ താമസിച്ചിരുന്നതായും അറിയുന്നു. റാക്കറ്റിൽ ആശുപത്രികൾക്കോ ഡോക്ടർമാർക്കോ പങ്കുണ്ടോ എന്നതടക്കം എല്ലാ സാധ്യതകളും പൊലീസ് ഗൗരവമായി അന്വേഷിച്ചുവരികയാണ്. മറ്റ് ഏജന്റുമാരെക്കുറിച്ചുള്ള നിർണായക വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചനയുണ്ട്.






