പാലക്കാട്: ഒറ്റപ്പാലം നഗരത്തിൽ വീണ്ടും തെരുവുനായ ആക്രമണം. ഡെലിവറി ജോലി ചെയ്യുന്നതിനിടെ യുവാവിന് തെരുവുനായയുടെ കടിയേറ്റു. മായന്നൂർ കൊണ്ടാഴി സ്വദേശി സജിത്ത് (35) ആണ് ആക്രമണത്തിന് ഇരയായത്.
ചൊവ്വാഴ്ച ഉച്ചയോടെ ഒറ്റപ്പാലം കമലാലയം റോഡിലായിരുന്നു സംഭവം. ഫ്ലിപ്കാർട്ടിൽ ഓർഡർ ചെയ്ത ഉൽപന്നം ഉപഭോക്താവിന് നൽകാനെത്തിയപ്പോഴാണ് യുവാവിനെ തെരുവുനായ ആക്രമിച്ചത്. ആക്രമണത്തിൽ സജിത്തിന്റെ ഇടതുകാലിൽ ആഴത്തിലുള്ള മൂന്ന് മുറിവുകളുണ്ടായി. തുടർന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
അതേസമയം, ഒറ്റപ്പാലത്തും സമീപപ്രദേശങ്ങളിലുമായി ഇന്ന് നാലോളം പേർക്ക് തെരുവുനായയുടെ കടിയേറ്റതായാണ് വിവരം. ഇവർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.




