തിരുവനന്തപുരം: സ്കൂളിലേക്ക് അനുജനൊപ്പം നടന്നുപോകുകയായിരുന്ന 14കാരിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 13 വർഷം കഠിന തടവ്. പത്തനംതിട്ട പന്തളം സ്വദേശി സദ്ദാം ഹുസൈൻ (35)നെയാണ് അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. 40,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷവും ഒൻപത് മാസവും അധികം തടവ് അനുഭവിക്കണം.
2025 ജനുവരി 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ 7.45ന് സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെയും അനുജനെയും ബൈക്കിലെത്തിയ പ്രതി തടഞ്ഞു. കുട്ടികളുടെ അച്ഛന്റെ സുഹൃത്താണെന്ന് പരിചയപ്പെടുത്തിയ പ്രതി സ്കൂളിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് ഇരുവരെയും ബൈക്കിൽ കയറ്റി.
പകുതി വഴിയിൽ അനുജനെ ഇറക്കിയ ശേഷം പെൺകുട്ടിക്ക് ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് കടയിൽ കൊണ്ടുപോയി. തിരികെ വരുന്ന വഴിയാണ് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് അനുജനെയും ബൈക്കിൽ കയറ്റി ഇരുവരെയും സ്കൂളിൽ എത്തിച്ചു.
വീട്ടുകാർ വഴക്കുപറയുമെന്നും പ്രതിയുടെ ഭീഷണിയും ഭയന്നാണ് കുട്ടി ആദ്യം സംഭവം പുറത്തുപറയാതിരുന്നത്. പിന്നീട് കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം ശ്രദ്ധിച്ച കൂട്ടുകാരി വിവരം അന്വേഷിച്ച് സ്കൂൾ അധികൃതരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രതിക്കെതിരെ സമാനമായ മറ്റൊരു കേസും ഇതേ കോടതിയിൽ വിചാരണയിലുണ്ട്. 12കാരിയെ അശ്ലീല ചിത്രങ്ങൾ കാണിച്ച് പീഡിപ്പിച്ച കേസിൽ കരുനാഗപ്പള്ളി കോടതി ഇയാളെ നേരത്തെ ശിക്ഷിച്ചിരുന്നു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ, അഭിഭാഷകരായ ബിന്ദു വി.സി., സുരഭി പി. എന്നിവർ ഹാജരായി. തുമ്പ പൊലീസ് ഇൻസ്പെക്ടർ ബിനു ആർ., സബ് ഇൻസ്പെക്ടർ ബിജു ആർ. എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 31 സാക്ഷികളെ വിസ്തരിക്കുകയും 41 രേഖകളും എട്ട് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.




