കൊല്ലം: പേവിഷബാധയേറ്റ് എട്ടുവയസ്സുകാരി നിയ ഫൈസൽ മരിച്ച സംഭവത്തിൽ പുനലൂർ താലൂക്ക് ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തലിനെതിരെ കുട്ടിയുടെ അമ്മ ഹബീറ. ചികിത്സയിൽ പിഴവ് സംഭവിച്ചതുകൊണ്ടാണ് ആശുപത്രി സൂപ്രണ്ടിനും ഡോക്ടർമാർക്കുമെതിരെ കേസെടുത്തതെന്നും തെറ്റ് പറ്റിയിട്ടും അത് അംഗീകരിക്കാൻ ആശുപത്രി അധികൃതർ തയ്യാറാകുന്നില്ലെന്നും ഹബീറ ആരോപിച്ചു.
കുട്ടിക്ക് നൽകിയ വാക്സിൻ ഏതാണെന്ന കാര്യത്തിൽ കൃത്യമായ വ്യക്തത വരുത്തണമെന്നും അമ്മ ആവശ്യപ്പെട്ടു. ഹബീറ ആഭ്യന്തര മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്.
കുട്ടിക്ക് നൽകേണ്ട ഇമ്യൂണോ ഗ്ലോബുലിൻ വാക്സിൻ ഡോസ് കൃത്യമായി നൽകിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താൻ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് കൂടി പുറത്തുവരേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനൊപ്പം കേസിൽ പുനലൂർ പൊലീസ് നടത്തുന്ന അന്വേഷണം വേഗത്തിലാക്കണമെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.
2025 ഏപ്രിൽ 8നാണ് വിളക്കുടിയിലെ വീടിന് സമീപത്തുവെച്ച് നിയ ഫൈസലിന് തെരുവുനായയുടെ കടിയേറ്റത്. തുടർന്ന് ചികിത്സയിലായിരുന്ന കുട്ടി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
വാക്സിൻ സ്വീകരിച്ചിട്ടും കുട്ടിക്ക് പേവിഷബാധയേറ്റതിനെ തുടർന്ന് ബന്ധുക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദേശപ്രകാരം പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെ നാല് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു.
ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തലും മെഡിക്കൽ ബോർഡിന്റെ അന്തിമ റിപ്പോർട്ടും തമ്മിലുള്ള വ്യത്യാസം ഇനി നിർണായകമാകും. കുട്ടിക്ക് നൽകിയ ചികിത്സയിലും വാക്സിനിലും വീഴ്ചയുണ്ടായോ എന്നതിൽ അന്തിമ വ്യക്തതയ്ക്കായി കാത്തിരിക്കുകയാണ് കുടുംബം.




