കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽ മുസ്ലിംലീഗിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് സ്ഥാനാർഥിയായേക്കും. ഫിറോസിന് വിജയസാധ്യതയുള്ള സീറ്റ് നൽകണമെന്നാണ് ലീഗിനുള്ളിലെ ആവശ്യം.
കോഴിക്കോട് സൗത്തിൽ ഡോ. എം.കെ. മുനീർ മത്സരിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് മറ്റൊരു സാധ്യതയുള്ള സീറ്റെന്ന നിലയിൽ കൊടുവള്ളിയിലേക്ക് ഫിറോസിനെ പരിഗണിക്കുന്നത്. മാത്രമല്ല, ഫിറോസ് നാട്ടുകാരനുമാണ്. മണ്ഡലത്തിന്റെ അതിർത്തിയിൽത്തന്നെയാണ് താമസിക്കുന്നത്. മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിയുടെയും പേര് കൊടുവള്ളിയിൽ പരിഗണിക്കപ്പെട്ടിരുന്നു. അതുപോലെ മുൻ എംഎൽഎ വി.എം. ഉമ്മറിൻ്റെ പേരും ഉയർന്നുകേട്ടിരുന്നു. പക്ഷേ, പി.കെ. ഫിറോസിനാണ് കൂടുതൽ സാധ്യത.
എൽഡിഎഫിൽ ആര് മത്സരിക്കുമെന്ന കാര്യത്തിൽ ധാരണയായിട്ടില്ല. പി.ടി.എ. റഹീമിനെ കൊടുവള്ളിയിലേക്ക് മാറ്റാൻ എൽഡിഎഫ് ആലോചന നടത്തിയിരുന്നെങ്കിലും അദ്ദേഹം കുന്ദമംഗലത്തുനിന്ന് മാറാൻ തയ്യാറല്ലെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് ഒരു പൊതുസ്വതന്ത്രനെയാണ് ഇവിടെ പരിഗണിക്കുന്നത്. പൊതുസ്വതന്ത്രനെ കിട്ടിയില്ലെങ്കിൽ സിപിഎം നേതാക്കൾതന്നെ മത്സരിക്കും. എൻഡിഎയിലും സ്ഥാനാർഥി ആലോചനകൾ നടന്നിട്ടില്ല.






