പാക് നടന്‍ ഫവാദ് ഖാന്‍ നായകനായ ബോളിവുഡ് ചിത്രം ‘അബിര്‍ ഗുലാല്‍’ ഇന്ത്യയിൽ പ്രദർശിപ്പിച്ചേക്കില്ല. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രദര്‍ശനം തടയാന്‍ കേന്ദ്ര വാര്‍ത്താവിതരണമന്ത്രാലയം ആലോചിക്കുന്നത്. മേയ് ഒന്‍പതിനായിരുന്നു ഫവാദ് ഖാന്‍ നായകനായ ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്.
ഒന്‍പതുവര്‍ഷങ്ങള്‍ക്ക് ശേഷം ഫവാദ് ഖാന്‍ ബോളിവുഡിലേക്ക് മടങ്ങിവരുന്ന ചിത്രമാണ് ‘അബിര്‍ ഗുലാല്‍’. വാണി കപൂറാണ് ചിത്രത്തിലെ നായിക. ഖൂബ്‌സൂരത്ത് (2014), കപൂര്‍ ആന്‍ഡ് സണ്‍സ് (2016), യേ ദില്‍ ഹേ മുഷ്‌കില്‍ (2016) എന്നീ ബോളിവുഡ് ചിത്രങ്ങളില്‍ നേരത്തെ ഫവാദ് ഖാന്‍ അഭിനയിച്ചിരുന്നു.
2016-ലെ ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സും ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷനും പാക് അഭിനേതാക്കള്‍ ഇന്ത്യന്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഓദ്യോഗികമായി വിലക്കേര്‍പ്പെടുത്താനുള്ള ഹര്‍ജി 2023-ല്‍ ബോംബെ ഹൈക്കോടതി തള്ളിയിരുന്നുവെങ്കിലും 2016 മുതല്‍ പാക് താരങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്നാണ് ഇന്‍ഡസ്ട്രിക്കുള്ളിൽ പറയപ്പെടുന്നത്.






