ഇന്ത്യക്കെതിരെ ആണവ ഭീഷണി മുഴക്കി പാക് സൈനിക മേധാവി അസിം മുനീര്‍. യുഎസ് സന്ദര്‍ശന വേളയിലാണ് അസിം മുനീറിന്റെ വിവാദ പരാമർശം. പാകിസ്ഥാൻ ആണവായുധമുള്ള രാജ്യമാണെന്നും ലോകത്തെ പകുതി രാജ്യങ്ങളെയും തകർക്കുമെന്നുമാണ് ഭീഷണി.
അമേരിക്കയിലെ ഫ്ലോറിഡയില്‍ പാക് ബിസിനസുകാർ ഒരുക്കിയ വിരുന്നിലാണ് അസിം മുനീറിന്റെ പരാമർശം. ഈ വര്‍ഷം പാക് സൈനിക മേധാവിയുടെ രണ്ടാമത്തെ യുഎസ് സന്ദര്‍ശനമാണിത്. ജൂണില്‍, മുനീര്‍ യുഎസ് സന്ദര്‍ശിച്ചിരുന്നു. അന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ഒരു സ്വകാര്യ ഉച്ചഭക്ഷണ വിരുന്നില്‍ അദ്ദേഹം പങ്കെടുത്തു.
സിന്ധു നദീജല കരാറിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ”ഇന്ത്യ ഒരു അണക്കെട്ട് പണിയുന്നതുവരെ ഞങ്ങള്‍ കാത്തിരിക്കും, അങ്ങനെ ചെയ്യുമ്പോള്‍, 10 മിസൈലുകള്‍ ഉപയോഗിച്ച് ഞങ്ങള്‍ അത് നശിപ്പിക്കും”, അത്താഴവിരുന്നില്‍ അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബ സ്വത്തല്ലെന്നും മിസൈലുകള്‍ക്ക് തങ്ങള്‍ക്ക് ഒരു കുറവുമില്ലെന്നും മുനീര്‍ തുറന്നടിച്ചു.
ഏപ്രില്‍ 22-ന് ദക്ഷിണ കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടര്‍ന്നാണ് 60 വര്‍ഷത്തിലേറെ പഴക്കമുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ നിര്‍ത്തിവച്ചത്.






