സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അ​​​ടി ഇ​​​ര​​​ന്നുവാ​​​ങ്ങു​​​ന്ന പാക്കിസ്ഥാൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാക്കിസ്ഥാനുമായി മറ്റൊരു യുദ്ധം നമ്മുടെ രാജ്യം ആഗ്രഹിക്കുന്നില്ല. വെറുതേ അങ്ങോട്ട് കയറി ആക്രമിക്കുന്ന സ്വഭാവവും നമുക്ക് ഇല്ല. എന്നാൽ, അടിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നത് രാജ്യത്തിൻറെ പ്രഖ്യാപിത നിലപാടാണ്. അതു പാക്കിസ്ഥാനും അവിടുത്തെ ഭരണാധികാരികൾക്കും സൈനിക നേതൃത്വത്തിനും നന്നായി അറിയാവുന്നതുമാണ്. എന്നിട്ടും നമ്മെ പ്രകോപിപ്പിച്ച് തിരിച്ചടികൾ ഏറ്റുവാങ്ങാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നതാണ് വിരോധാഭാസമായിട്ടുള്ളത്.

ഇപ്പോഴത്തെ സംഘർഷം വലിയൊരു യുദ്ധത്തിലേക്കു നീങ്ങാതിരിക്കണമെങ്കിൽ പാക്കിസ്ഥാൻ ഇന്ത്യയെ പ്രകോപിപ്പിക്കാതിരിക്കണം. യുദ്ധം എത്രമാത്രം വിനാശകരമാണെന്നു തിരിച്ചറിയേണ്ടത് അവിടുത്തെ ഭരണാധികാരികളാണ്. അത് അവർ എന്തുകൊണ്ടോ തിരിച്ചറിയുന്നില്ല. അതുകൊണ്ടു തന്നെയാണ് ഓപ്പറേഷൻ സിന്ദൂറിൻറെ ഭാഗമായി തുടർച്ചയായി പാക്കിസ്ഥാന് ഇന്ത്യൻ സൈന്യത്തിൽ നിന്നു കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടിവരുന്നത്. കഴിഞ്ഞ രാത്രികളിൽ ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ മേഖലയിലെ നിരവധി സൈനിക ലക്ഷ്യങ്ങളെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുകയായിരുന്നു.

എന്നാൽ, ആ ശ്രമങ്ങളെയെല്ലാം വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചു നിർവീര്യമാക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞു. എന്നു മാത്രമല്ല ലാഹോറിലെ പാക്കിസ്ഥാൻറെ വ്യോമപ്രതിരോധ സംവിധാനം അപ്പാടെ തകർത്തു​​കൊ​​ണ്ട് ശക്തമായ തിരിച്ചടി നൽകാ​​നും ഇന്ത്യയ്ക്കു കഴിഞ്ഞു.

പാക്കിസ്ഥാൻ അയച്ച മിസൈലുകൾ നിലം തൊടും മുൻപ് തകർത്ത ഇന്ത്യയ്ക്ക് പാ​​ക് വ്യോ​​മ​​പ്ര​​തി​​രോ​​ധ​​ത്തെ ത​​ക​​ർ​​ക്കാ​​ൻ കൂടി കഴിഞ്ഞതോടെ പാക് സേനയ്ക്കും ഭരണാധികാരികൾക്കും വലിയ ക്ഷീണമാണു സംഭവിച്ചിരിക്കുന്നത്. പഹൽഗാമിലെ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ ആക്രമിച്ചു തകർത്തത് പാക്കിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള ഭീകരരുടെ കേന്ദ്രങ്ങളാണ്.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പാക്കിസ്ഥാൻ വളർത്തിയെടുത്ത ഭീകര കേന്ദ്രങ്ങളാണിത്. ലഷ്കർ ഇ തൊയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നിവയുടേതായ ഒമ്പതു കേന്ദ്രങ്ങൾ. നൂറിലേറെ ഭീകരർ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കരുതുന്നത്. ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിൻറെ സഹോദരനും കൊടും ഭീകരനുമായ അബ്ദുൾ അസർ റൗഫും വരെ കൊല്ലപ്പെട്ടു. കാണ്ഡഹാർ വിമാനറാഞ്ചലിൻറെ മുഖ്യ സൂത്രധാരനാണ് അസർ റൗഫ്.

മസൂദ് അസറിൻറെ 10 കുടുംബാംഗങ്ങൾ ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാനിലുള്ള ഭീകരർക്കു കനത്ത നാശം വിതച്ച ഇന്ത്യൻ സൈന്യം പാക് സൈനിക കേന്ദ്രങ്ങളോ ജനവാസ കേന്ദ്രങ്ങളോ ലക്ഷ്യമിട്ടില്ല. എവിടെയൊക്കെയാണ് തകർക്കപ്പെടേണ്ട ഭീകര ക്യാംപുകളുള്ളതെന്നു കണ്ടെത്തി കൃത്യമായി ആക്രമിക്കുകയായിരുന്നു. അത് അവിടം കൊണ്ട് അവസാനിച്ചിരുന്നെങ്കിൽ പാക്കിസ്ഥാനു വീണ്ടും തിരിച്ചടികൾ ഏൽക്കേണ്ടിവരില്ലായിരുന്നു.

പക്ഷേ, ഭീകരർക്കു വേണ്ടി എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന പാക് സൈന്യം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്താനാണു ശ്രമിച്ചത്. അതിൽ അവർ പരാജയപ്പെടുകയും ചെയ്തു. എത്രമാത്രം കരുത്തുറ്റ വ്യോമപ്രതിരോധമാണ് ഇന്ത്യയ്ക്കുള്ളതെന്നു പാക്കിസ്ഥാനു മനസിലായിക്കാണണം. സ്ഥിതി വഷളാക്കുന്നതു പാക്കിസ്ഥാനാണെന്ന് ലോക രാജ്യങ്ങൾ തിരിച്ചറിയുന്നുണ്ടാകണം.

മുൻപ് ഉറിയിലും പുൽവാമയിലും പാക് പിന്തുണയോടെ നടത്തിയ ഭീകരാക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി ഇന്ത്യൻ സൈന്യം നൽകിയതാണ്. അതിനു മുൻപുണ്ടായ യുദ്ധങ്ങളിലും പാക്കിസ്ഥാനു കനത്ത പ്രഹരങ്ങളാണേറ്റത്. എന്നിട്ടും അതിലൊന്നും പാഠം പഠിക്കാത്ത പാകിസ്ഥാൻ വീണ്ടും അടി ഇരന്നു വാങ്ങുന്ന സ്ഥിതിയാണ്. എല്ലാകാലത്തും തങ്ങൾ സൃഷ്ടിക്കുന്ന കലാപങ്ങൾക്ക് മതത്തിന്റെ മറ കൃത്യമായി ഉപയോഗിക്കുവാൻ പാകിസ്ഥാൻ ശ്രമിക്കാറുണ്ട്. അവർ പലപ്പോഴും ശ്രമിക്കുക നമ്മുടെ രാജ്യത്തെ ജനങ്ങളെ പോലും അവർ സൃഷ്ടിക്കുന്ന അജണ്ടകളിലേക്ക് വീഴ്ത്തുവാനാണ്.

എന്നാൽ ഇന്ത്യ എന്ന രാജ്യം എത്രയോ കാലങ്ങളായി പിന്തുടരുന്ന മതേതര ജനാധിപത്യ പാരമ്പര്യങ്ങൾ അങ്ങനെ ഏതെങ്കിലും തരത്തിൽ തകർക്കുവാനോ തളർത്തുവാനോ കഴിയുന്ന ഒന്നല്ലെന്നു പാകിസ്ഥാന് മനസ്സിലാക്കുവാൻ കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അന്നും ഇന്നും അവർ ശ്രമിക്കുന്നത് നമ്മുടെ നാട്ടിൽ വിഭാഗീയതയുടെ വിത്തു പാകുവാനാണ്. ഇവിടത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ, പ്രത്യേകിച്ച് മുസ്ലിം വിഭാഗത്തെ ഭീതിയിൽ ആഴ്ത്തി സംഘർഷങ്ങളുടെ നേട്ടം കൊയ്യുവാൻ പാകിസ്ഥാൻ അനവധി തവണ ശ്രമിച്ചിട്ടുണ്ട്. ആ ശ്രമങ്ങളെ എല്ലാം നമ്മുടെ രാജ്യത്തിന്റെ ഉയർന്ന മതേതരത്വ ബോധ്യങ്ങളാണ് തകർത്ത് തരിപ്പണമാക്കിയത്.

ഇന്ത്യ എന്ന വികാരത്തിൽ ഈ നാട്ടിലെ എല്ലാ ജാതിമത രാഷ്ട്രീയ വിഭാഗങ്ങളും ഒന്നാണെന്നത് ഇനിയെങ്കിലും പാകിസ്ഥാൻ മനസ്സിലാക്കണം. ഇന്നിപ്പോൾ വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് പാകിസ്ഥാൻ മുന്നോട്ട് പോകുന്നത്. ഈ രാഷ്ട്രീയ പ്രതിസന്ധി ആകട്ടെ പാകിസ്ഥാൻ വിളിച്ചുവരുത്തിയതും ആണ്. യാതൊരു പ്രകോപനവും ഇല്ലാതിരുന്ന സമയത്താണ് അനാവശ്യമായി ഇന്ത്യൻ മണ്ണിൽ സംഘർഷത്തിന്റെ സാധ്യതകൾ പാകിസ്ഥാൻ തിരഞ്ഞത്. എല്ലാകാലവും നയതന്ത്ര ഇടപെടൽ കൊണ്ട് ഈ നാട്ടിൽ അക്രമം കാട്ടി സമാധാനത്തോടെ മുന്നോട്ടുപോകാമെന്ന് അവർ കരുതുന്നു.

അത്തരം തെറ്റായ ധാരണകൾക്കുള്ള കാലോചിതമായ മറുപടിയാണ് ഇന്ത്യൻ സൈന്യം കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്ഥാൻ നൽകിയത്. ഇനിയെങ്കിലും ഇത്തരം അക്രമങ്ങൾക്കും അനാവശ്യ ഇടപെടലുകൾക്കും പാകിസ്ഥാൻ മുതിരാതെ മുന്നോട്ടു പോയാൽ അവർക്ക് കൊള്ളാം. അല്ലാത്തപക്ഷം ലോക ഭൂപടത്തിൽ നിന്ന് തന്നെ പാകിസ്ഥാൻ മറയുന്ന, മായുന്ന കാലം വിദൂരമല്ല.

Tags :

Greeshma Celine Benny

Recent News

Advertisement