ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലെ കോഹത് ജില്ലയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിൽ സ്ഫോടനം. സംഭവത്തിൽ ഏഴുപേർ കൊല്ലപ്പെടുകയും മുപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്.
കോഹത് ജില്ലയിലെ പൊലീസ് ലൈൻസ് കോംപ്ലക്സിനുള്ളിലെ പള്ളിയിലാണ് സ്ഫോടനം ഉണ്ടായതെന്ന് ഖൈബർ പക്തൂൺഖ്വ ഇൻസ്പെക്ടർ ജനറൽ സുൽഫിക്കർ ഹമീദ് അറിയിച്ചു. ആദ്യം ഓൾഡ് പൊലീസ് ലൈൻസിന് സമീപമാണ് സ്ഫോടനം ഉണ്ടായതെന്നാണ് രക്ഷാപ്രവർത്തകർ അറിയിച്ചത്.
സ്ഫോടനത്തിന് പിന്നാലെ ഭീകരരുമായി വെടിവെപ്പ് നടന്നതായും പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്ഫോടനം നടന്ന പ്രദേശത്തേക്കുള്ള റോഡുകൾ അടച്ചതായും റിപ്പോർട്ടുണ്ട്.
വിവരം ലഭിച്ചതിന് പിന്നാലെ റെസ്ക്യൂ 1122 സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സംഭവത്തെ ഖൈബർ പക്തൂൺഖ്വ മുഖ്യമന്ത്രി സൊഹൈൽ അഫ്രീദിയും ഗവർണർ ഫൈസൽ കരീം കുൻഡിയും അപലപിച്ചു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അടുത്തിടെ നിരവധി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ഖൈബർ പക്തൂൺഖ്വയിൽ സംഭവം സുരക്ഷാ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.













