ക്വെറ്റ: ബലൂചിസ്ഥാൻ വിഘടനവാദികളും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങൾ സങ്കീർണമായ സാഹചര്യത്തിൽ തങ്ങൾ പിടികൂടിയ പാക് സൈനികരുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് ബാലുചിസ്ഥാൻ ലിബറേഷൻ ആർമി.
തങ്ങളുടെ ജീവനുവേണ്ടി സൈനികർ കരഞ്ഞ് യാചിക്കുന്നതിന്റെയും സഹായത്തിനായി അധികാരികളോട് അഭ്യർഥിക്കുന്നതിന്റെയും വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ബിഎൽഎയുടെ മാധ്യമ വിഭാഗമായ ഹക്കൽ വഴി പുറത്തുവിട്ട പുതിയ ദൃശ്യങ്ങളിൽ, തടവിലുള്ള തങ്ങളുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡുകളും ദേശീയ തിരിച്ചറിയൽ രേഖകളും ക്യാമറയ്ക്ക് മുന്നിൽ സൈനികർ കാണിക്കുകയും ചെയ്യുന്നു.
ബിഎൽഎയുടെ അവകാശവാദങ്ങൾക്ക് വിപരീതമായി, തങ്ങളുടെ സൈനികർ വിമതരുടെ പിടിയിലാണെന്ന വാർത്ത പാകിസ്താൻ സൈനിക ഉദ്യോഗസ്ഥർ നിഷേധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബലൂച് വിമതപോരാട്ടമായ ‘ഓപ്പറേഷൻ ഹെറോഫ് 2.0’ രണ്ടാംഘട്ടത്തിലേക്ക് പ്രവേശിച്ചപ്പോഴാണ് പാക് സൈനികരെ പിടികൂടിയത്.
പാക് സർക്കാരിന് തടവുകാരെ കൈമാറുന്നതിനായി ഏഴ് ദിവസത്തെ സമയപരിധി ബിഎൽഎ നൽകിയിരുന്നു. ഈ കാലയളവിനുള്ളിൽ ചർച്ചകൾ നടന്നില്ലെങ്കിൽ തടവുകാരെ വധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫെബ്രുവരി 22ന് സമയപരിധി അവസാനിക്കും. പാകിസ്താൻ സൈന്യമോ ഷെഹ്ബാസ് ഷെരീഫ് സർക്കാരോ പുതിയ വീഡിയോ വന്ന പശ്ചാത്തലത്തിൽ പ്രതികരിച്ചിട്ടില്ല.




