കോട്ടയം: പാലാ രൂപതയുടെ പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെ രണ്ടാം സമ്മേളനം ഇന്ന് ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എഞ്ചിനീയറിങ് കോളേജിൽ വെച്ച് നടക്കും. രൂപതാധ്യക്ഷനും പാസ്റ്ററൽ കൗൺസിൽ പ്രസിഡന്റുമായ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനത്തിന് അധ്യക്ഷത വഹിക്കും. രൂപതയുടെ വിവിധ മേഖലകളിൽ നിന്നുള്ള 365 പാസ്റ്ററൽ കൗൺസിൽ അംഗങ്ങളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ഉദ്ഘാടന സമ്മേളനത്തിനു ശേഷം “സമുദായ ശക്തീകരണം” എന്ന കേന്ദ്രവിഷയത്തെ ആസ്പദമാക്കി 18 ഉപവിഷയങ്ങളിൽ ഗ്രൂപ്പ് ചർച്ച, പ്ലീനറി സെഷൻ, അന്തിമ അവലോകനം എന്നിവ നടക്കും. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി രൂപത പ്രോട്ടോസിഞ്ചലൂസ് മോൺ. ഡോ. ജോസഫ് തടത്തിൽ, ചാൻസലർ റവ. ഡോ. ജോസ് കുറ്റിയാങ്കൽ, പ്രൊകുറേറ്റർ റവ. ഡോ. ജോസഫ് മുത്തനാട്ട്, ചെയർമാൻ ഡോ. വി.പി. ദേവസ്യ, കോളേജ് ബർസാർ റവ. ഫാ. ജോൺ മറ്റമുണ്ടയിൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു. സമ്മേളനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി അഡ്വ. സിജി ആന്റണി തെക്കേടത്ത് അറിയിച്ചു.






