കോട്ടയം : നഗരസഭാ കൗൺസിൽ രൂപീകരണത്തിൽ എൽ.ഡി.എഫിനെതിരേ പോരാടി വിജയിച്ച കോൺഗ്രസ് കൗൺസിലർമാരെ തഴയുന്ന നിലപാട് ശരിയല്ലെന്നും, അവർക്ക് അർഹമായ പ്രാധാന്യം നൽകണമെന്നും കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. സന്തോഷ് മണർകാട്ട് ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടു. പാലായിലെ പ്രതികൂല സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റിയോ കൃത്യമായ നിർദ്ദേശങ്ങളോ സഹായങ്ങളോ ഇല്ലാതെ സ്വന്തം നിലയിൽ പടപൊരുതിയാണ് ആറ് കോൺഗ്രസ് കൗൺസിലർമാർ പാർട്ടി അഭിമാനം കാത്തത്. ഈ സാഹചര്യത്തിൽ അവർക്ക് ഉചിതമായ സ്ഥാനങ്ങൾ നൽകി ആദരിക്കാൻ നേതൃത്വം തയ്യാറാകണം.
യുഡിഎഫിലെ പത്ത് അംഗങ്ങൾ ഒത്തൊരുമിച്ചാൽ മാത്രമേ സ്വതന്ത്ര കൂട്ടായ്മയ്ക്ക് പ്രസക്തിയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വതന്ത്ര കൂട്ടായ്മയുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ യുഡിഎഫിന് പാലായിൽ അധികാരത്തിൽ വരാൻ സാധിക്കൂ എന്നത് വസ്തുതയാണ്. എന്നിരിക്കെ, കൗൺസിൽ രൂപീകരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ വൈകുന്നത് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. പാലാ നഗരസഭയിലെ ഭരണമാറ്റത്തിനായുള്ള ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് കോൺഗ്രസ് കൗൺസിലർമാരുടെ പ്രാധാന്യം ഉയർത്തിക്കാട്ടി സന്തോഷ് മണർകാട്ട് രംഗത്തെത്തിയത്.






